കോണത്തുകുന്ന് : വെള്ളാങ്കല്ലൂർ ഫുട്ബാൾ അസോസിയേഷൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ പോരാട്ടം അവസാനിച്ചു. പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ നൂറിൽപരം താരങ്ങൾ ബൂട്ടുകെട്ടി. ആവേശം കൊണ്ടുനിറഞ്ഞ ലീഗിൽ 15 മത്സരങ്ങളിൽ നിന്നും 37 പോയന്റുമായി യുണൈറ്റഡ് എഫ്.സി ബ്ലോക്ക് ജംഗ്ഷൻ ജേതാക്കളായി. യഥാക്രമം 33, 32 പോയന്റുമായി എഫ്.സി പുഞ്ചപ്പറമ്പും, മഹാത്മാ നെടുങ്ങാണവും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി നക്കര, സാമൂഹിക ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ എന്നിവർ സംസാരിച്ചു. സന്തോഷ് ട്രോഫി താരങ്ങളായ വിബിൻ തോമസിനെയും, മൗസൂഫ് നൈസാനെയും, പഴയകാല ഫുട്ബാൾ കളിക്കാരെയും ആദരിച്ചു.