കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കടയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് ആക്കം കൂട്ടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഭർത്താവും മക്കളും മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടൊന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലില്ല. നേരത്തെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസും നാട്ടുകാരും സംശയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ പൊതുവിൽ ഞെട്ടലുളവാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് തൈപ്പറമ്പത്ത് വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെ ഇവരുടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെ കുറിച്ച് വിവരം ഇല്ലായിരുന്നു. ഇവർക്ക് കാര്യമായ കുടുംബ പ്രശ്‌നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല. വഴക്കുണ്ടാകുന്ന ഘട്ടത്തിൽ സ്വയം ചുമരിൽ തലയടിക്കുന്ന പ്രകൃതം രമക്കുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. തൂങ്ങിയ നിലയിലായിരുന്ന രമയുടെ തലയിൽ അടിയേറ്റതു പോലെയുള്ള ഒരുപാടുണ്ട്. ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമേ ഇത് സംബന്ധിച്ചുള്ള കണ്ടെത്തലുണ്ടാകൂ....