ചേലക്കര: പോക്‌സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപകന് ജാമ്യം ലഭിച്ച സംഭവം അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണെന്ന് അരോപിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്ത്വത്തിൽ ഇന്ന് രാവിലെ 10ന് പ്രതിഷേധ പ്രകടനവും സ്‌കൂളിന് മുൻപിൽ ധർണ്ണയും നടത്തും. വിദ്യാർത്ഥിനിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ 25ന് ചേലക്കര പൊലീസ് അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ അദ്ധ്യാപകനെ പത്ത് ദിവസത്തിന് ശേഷം കോഴിക്കോട് മുക്കത്ത് ഉള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. പിറ്റേന്ന് തൃശൂർ പോക്‌സോ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യവും ലഭിച്ചു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ജാമ്യം ലഭിക്കാനുള്ള സാഹചര്യം എന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നെന്നു പറയപ്പെടുന്ന സഹഅദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തുക്കൾ എന്നിവർക്കെതിരെയും നടപടി സ്വീകരിക്കുക, പ്രതിയുടെ ജാമ്യം റദ്ദാക്കുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികളായ വിനോദ് പന്തലാടി, ഇ. വേണുഗോപാല മേനോൻ, പി.എം. റഷീദ്, പി.മുരളീധരൻ, എം.എം. മൊയ്തുണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.