
തൃശൂർ: കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സഹകരണ മേഖലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് സ്വാധീനമുറപ്പിക്കാൻ സംഘപരിവാർ സംഘടനകൾ തന്ത്രം മെനയുന്നു. ഇതിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട് മേയിൽ കേരളത്തിൽ നാഷണൽ കോ ഓപ്പറേറ്റീവ് മീറ്റ് നടക്കു
ഗ്രൂപ്പ് പോര് കൊണ്ട് ദുർബ്ബലമായ ബി.ജെ.പി രാഷ്ട്രീയം സംസ്ഥാന അദ്ധ്യക്ഷനെ പോലും പ്രഖ്യാപിക്കാതെ സാഹചര്യത്തിലാണ് ആർ.എസ്.എസ് പിന്തുണയോടെ സഹകാർ ഭാരതി ദേശീയ സഹകരണ സംഗമത്തിന് രൂപം നൽകിയത്. ഇതിലൂടെ പതിനയ്യായിരത്തോളം സഹകരണ സംഘങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നാണ് സംഘടനാ തീരുമാനം. സഹകാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ ശ്രീ മിഷന് നിലവിൽ കേരളത്തിൽ ഏഴായിരം യൂണിറ്റുണ്ട്. ഇത് ഇരുപതിനായിരത്തിൽ എത്തിക്കാനുള്ള ആസൂത്രണം മീറ്റിലുണ്ടാകും. കേരളത്തിൽ സി.പി.എമ്മിന്റെ ബഹുജനാടിത്തറ ഇളക്കാൻ കഴിയാത്തത് സഹകരണ മേഖലയിലുള്ള സ്വാധീനം മൂലമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിനുള്ള പ്രേരണ. ഗുജറാത്ത്, മദ്ധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ രാഷ്ട്രീയത്തിന് ബലമേകാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞതും പ്രചോദനമാണ്.
കേരളത്തിലെ കൃഷി, മത്സ്യമേഖല, മൃഗ സംരക്ഷണം, വനിതാ ശാക്തീകരണം, വനിത സംരംഭകത്വം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് മീറ്റ്. നിരവധി നിയമ പ്രശ്‌നങ്ങൾ, അനുകൂലമല്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങൾ, നികുതി ചുമത്തുന്നതിലെ ഏറ്റക്കുറച്ചിലുകൾ, കേന്ദ്രീകൃതമായ സഹകരണ നയത്തിന്റെ അഭാവം തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങൾ ഈ മേഖലയുടെ കുതിപ്പിനെ പിന്നോട്ട് വലിക്കുന്നതായി മീറ്റിനോട് അനുബന്ധിച്ച് തയ്യാറാക്കിയ രേഖ ചൂണ്ടിക്കാട്ടുന്നു. പുതിയ സഹകരണ നേതൃത്വത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. പരമ്പരാഗത കാർഷിക, വ്യവസായ മേഖലയുടെ പുനരുജ്ജീവനമെന്നതാണ് അടിസ്ഥാന പ്രചാരണ വിഷയമായി മീറ്റ് ഉയർത്തി പിടിക്കുക.
സംഘാടനം ഇങ്ങനെ
നാല് ദിവസങ്ങളിലായി നാഷണൽ ഫാർമേഴ്‌സ് മീറ്റ്
നാഷണൽ ഫിഷർമാൻ മീറ്റ്
നാഷണൽ ആനിമൽ ഹസ്ബൻഡറി മീറ്റ്
നാഷണൽ വിമൻസ് മീറ്റ്.
..........
പ്രതീക്ഷിക്കുന്നത് ഇങ്ങനെ
അക്ഷയശ്രീ ദേശീയ വനിതാ സമ്മേളനത്തിൽ പങ്കെടുക്കുക 5,000 വനിതകൾ.
നാല് ദിവസത്തെ സമ്മേളനത്തിൽ പ്രതിദിനം പങ്കെടുക്കുക 17,000 പേർ