തൃശൂർ : മരിച്ചു പോയ റേഷൻ കാർഡ് ഉടമയുടെ പേരുകൾ സപ്‌ളൈ ഓഫീസിൽ അറിയിക്കാതെ മാനുവൽ ട്രാൻസാക്ഷൻ വഴി റേഷൻ സാധനങ്ങൾ തട്ടിയടുക്കുന്നതിന് പിന്നിൽ വൻ ലോബി. റേഷൻ കാർഡുടമകൾ മുതൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ, താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസിലെ ജീവനക്കാർ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എതാനും ദിവസം മുമ്പ് ചാലക്കുടിയിൽ മരണപ്പെട്ട നിരവധി പേരുടെ പേരിലുള്ള റേഷൻ സാധനങ്ങൾ തട്ടിയെടുത്ത സംഭവം പുറത്ത് വന്നതോടെയുള്ള അന്വേഷണത്തിലാണ് കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം വെട്ടിപ്പുകൾ നടന്നെന്ന സൂചന ലഭിച്ചത്.
ചാലക്കുടിയിൽ മരണപ്പെട്ട നിരവധി പേരുടെ റേഷൻ സാധനങ്ങൾ തട്ടിയെടുത്ത സംഭവം പുറത്ത് വന്നതോടെ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ഥലങ്ങളിൽ വെട്ടിപ്പ് നടന്നതായി കണ്ടെത്തി. 2015 മുതൽ പരേതർ അരി വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്ന 2018ന് ശേഷം ഇപ്പോഴും ഇത് തുടരുകയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ്. ഏകാംഗങ്ങളുള്ള 900 ൽ പരം കാർഡുകൾ ചാലക്കുടി താലൂക്കിൽ നിലവിൽ ഉണ്ട്. ഇതര താലൂക്കുകളിൽ മുൻ നിർദ്ദേശപ്രകാരം പരിശോധന നടത്തിയപ്പോൾ അവ 50 ശതമാനം കുറയുകയും അവയ്ക്ക് പകരം പുതിയ അർഹരായ ഉപഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ 42 ഓളം റേഷൻ കടകളിൽ വെട്ടിപ്പ് നടന്നതായി ഇതിനകം കണ്ടെത്തി. വെട്ടിപ്പ് നടത്തിയവരിൽ നിന്ന് റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കുറഞ്ഞവിലയ്ക്കാണ് റേഷൻ വസ്തുക്കൾ വിൽക്കുന്നത്. ഇതുതന്നെ തട്ടിയെടുക്കുമ്പോൾ കമ്പോള വില ഈടാക്കണമെന്നാണ് നിയമം.
കമ്പോള വില
ഗോതമ്പ് 29 (കിലോ)
പഞ്ചസാര 35 (കിലോ)
ആട്ട 36 (കിലോ)
മണ്ണെണ 71 (ലിറ്റർ)
അരി 40 (കിലോ)
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ റേഷൻ സാധനം തട്ടിയെടുത്ത സംഭവത്തിൽ റേഷൻ ഷോപ്പ് ലൈസൻസികൾ, ഇതിൽ നടപടിയെടുക്കാത്ത റേഷനിംഗ് ഇൻസ്‌പെക്ടർ, താലൂക്ക് ജില്ലാ സപ്ലൈ ഓഫീസർമാർ എന്നിവരെ സസ്‌പെൻഡ് ചെയ്യണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബാബു കാളക്കല്ല്, എം.എ ലക്ഷ്മണൻ എന്നിവർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
മോണിറ്ററിംഗ് കമ്മിറ്റികൾ
നോക്കുക്കുത്തികളാകുന്നു
റേഷൻ വിതരണം കുറ്റമറ്റതാക്കുന്നതിനായി ഗ്രാമസഭകൾ വഴി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റികൾ നോക്കുക്കുത്തികളാകുന്നു. റേഷനിംഗ് ഇൻസ്‌പെക്ടർ കൺവീനറായ സമിതിയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, രണ്ട് കാർഡുടമകൾ അടക്കമുള്ളവരെ ചേർത്താണ് കമ്മിറ്റികൾ രൂപീകരിച്ചത്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഒറ്റ യോഗം പോലും ഇത് സംബന്ധിച്ച് ചേർന്നിട്ടില്ല.