എരുമപ്പെട്ടി: കണ്ടത് പറയുന്നവന് കഞ്ഞിയില്ലെന്ന് പഴമക്കാർ പറയും. കണ്ടത് പറഞ്ഞതിന് കഞ്ഞി വെക്കുന്ന ജോലി കളഞ്ഞ് ഒരു പാവപ്പെട്ട കുടുംബത്തിന്റെ കഞ്ഞികുടി മുട്ടിച്ചിരിക്കുകയാണ് വേലൂർ ആർ.എം.എൽ.പി സ്കൂൾ അധികൃതർ. ഉച്ചഭക്ഷണം നൽകാൻ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളിൽ കേടുവന്ന് ഉപയോഗയോഗ്യമല്ലാത്തതുണ്ടെന്ന് പറഞ്ഞതിന് സ്കൂളിലെ പാചകക്കാരിയായ സ്നേഹലതയുടെ പണി കളഞ്ഞിരിക്കുകയാണ് സ്കൂൾ അധികൃതർ. ഭക്ഷ്യ വസ്തുക്കളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്ന കുറ്റം ആരോപിച്ചാണ് പുറത്താക്കൽ.
അഭിനന്ദനം ലഭിക്കുമെന്ന് കരുതിയ സ്നേഹലതയ്ക്ക് ഫോട്ടോയെടുത്തതിന്റെ വിശദീകരണം ചോദിച്ച് നോട്ടീസാണ് സ്കൂൾ അധികൃതർ നൽകിയത്. കുട്ടികളുടെ നൻമയാണ് ഉദ്യേശിച്ചതെന്നും ഫോട്ടോ മറ്റുള്ളവർക്ക് നൽകിയിട്ടില്ലെന്നും വിശദീകരണം നൽകിയെങ്കിലും അധികൃതർ തൃപ്തരല്ല.
എന്നാൽ ഒമ്പത് വർഷമായി സ്കൂളിലെ പാചകക്കാരിയാണ് ഇവർ. അതിന് മുമ്പ് 25 വർഷക്കാലം ഇവരുടെ മാതാവാണ് ഈ തൊഴിൽ ചെയ്തിരുന്നത്. പ്രായാധിക്യത്താൽ അവർക്ക് ശാരീരിക അവശത വന്നപ്പോൾ മകൾക്ക് ജോലി നൽകുകയായിരുന്നു. 150 രൂപ ദിവസ കൂലിക്കാണ് സ്നേഹലത പാചക ജോലി ചെയ്തിരുന്നത്. ഇപ്പോൾ കൂലി 400 രൂപയായി ഉയർത്തിയിട്ടുണ്ട്. അതിനാൽ അധികൃതർക്ക് വേണ്ടപ്പെട്ടയാളെ ജോലിക്ക് കയറ്റാൻ തന്നെ നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയതാണെന്ന് സ്നേഹലത പറയുന്നു.
വിധവയാണ് സ്നേഹലത, രണ്ട് മക്കളുണ്ട്. രോഗിയായ മാതാവും, വികലാംഗനായ അമ്മാവനും, കാൻസർ ബാധിച്ച വിധവയായ സഹോദരിയും അവരുടെ കുട്ടിയും സ്നേഹലതയുടെ സംരക്ഷണത്തിലാണ്്. സ്നേഹലതയുടെ തൊഴിൽ നഷ്ടപ്പെട്ടതോടെ ഈ നിർധന കുടുംബത്തിന്റെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്നേഹതല സ്കുളിന് മുന്നിൽ ഷെഡ് കെട്ടി ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ ഷെഡ് പൊളിച്ച് മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സർക്കാർ ഏജൻസികളിൽ നിന്നാണ് ഭഷ്യ വസ്തുക്കൾ വാങ്ങുന്നത്. കൃത്യ സമയത്ത് ഭക്ഷണം തയ്യാറാക്കാത്തത് ഉൾപ്പടെ ഇവരുടെ ഭാഗത്ത് വലിയ വീഴ്ചകൾ സംഭവിക്കുന്നത് പതിവാണ്. പാചകത്തിൽ സർക്കാരിന്റെയും സ്കൂൾ പി.ടി.എ കമ്മിറ്റിയുടേയും നിർദേശങ്ങൾ പാലിക്കാൻ ഇവർ തയ്യാറാകുന്നില്ല. കാരണം കാണിക്കൽ നോട്ടീസ് നേരിട്ടും തപാലിലും പല തവണ നൽകിയിട്ടും കൈപറ്റാനും മറുപടി തരാനും ഇവർ തയ്യാറായില്ല. പി.ടി.എ കമ്മിറ്റിയുടെ ഐക്യകണ്ഠമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് പി.ടി.എ കമ്മിറ്റി അറിയിക്കുന്നത്.