sulojana
സുലോചന വീടിന്റെ താക്കോൽ ഏറ്റുവാങ്ങുന്നു

മാള: വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതോടെ സുലോചനയ്ക്ക് ഭീതിയില്ലാതെ അന്തിയുറങ്ങാം. പുത്തൻചിറ പഞ്ചായത്തിലെ കൊമ്പത്തുകടവ് കണ്ണംപറമ്പിൽ പരേതനായ ഷണ്മുഖന്റെ ഭാര്യ സുലോചനയ്ക്കാണ് തല ചായ്ക്കാൻ വീടൊരുങ്ങിയത്. സുലോചനയുടെ ദയനീയാവസ്ഥ സംബന്ധിച്ച വാർത്തകളെ തുടർന്നാണ് മുരിങ്ങൂർ സ്വദേശി മരിയോ ജോസഫും ഭാര്യ ജിജിയും സഹായഹസ്തവുമായെത്തിയത്.

വീട് എട്ട് മാസം കൊണ്ട് പൂർണ്ണമായി നിർമ്മിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് വി.എ നദീർ, വാർഡ് മെമ്പർ വാസന്തി സുബ്രഹ്മണ്യൻ, പൊതുപ്രവർത്തകനായ പി.സി ബാബു, പി.എസ് ലോഹിദാക്ഷൻ, പി.എൽ ജയപ്രകാശൻ എന്നിവരും താക്കോൽ കൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന മേൽക്കൂരയ്ക്ക് കീഴെ നക്ഷത്രമെണ്ണി വയോധികയായ അമ്മയും മകളും അവരുടെ കുട്ടിയും ജീവഹാനി ഭയന്ന് കഴിയുന്നത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ജൂലായ് മാസത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. മഴയില്ലെങ്കിൽ വീടിനുള്ളിൽ കിടന്ന് നക്ഷത്രം എണ്ണാം, മഴയാണെങ്കിൽ ഒരു തുള്ളിവെള്ളവും പുറത്തേക്ക് പോകാതെ അകത്ത് തളം കെട്ടും...ഒരു പദ്ധതിയും തുണയ്ക്കാത്ത സുലോചനയുടെ കണ്ണുകളിൽ നിസഹായത മാത്രമായിരുന്നു. എന്നാൽ ഇന്ന് ഒരു സ്വപ്നം പൂവണിഞ്ഞതിന്റെ ആനന്ദത്തിലാണ് ഇവർ.