തൃശൂർ: പലതരത്തിലുള്ള വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്കു മുന്നിൽ മതേതര രാഷ്ട്രമാവുക എന്നതല്ലാത്ത ഒരു സാദ്ധ്യതയില്ലെന്ന്‌ കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്‌ ഡോ. ഖദീജ മുംതാസ് പറഞ്ഞു. സാഹിത്യ അക്കാഡമി, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ നടത്തിയ 'ഇന്ത്യാ വിഭജനകാലത്തെ സാഹിത്യം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഉൾക്കൊള്ളലിന്റേതാണ്, ഒഴിവാക്കലിന്റേതല്ല സാഹിത്യവും കലയുമെന്ന് 'പൗരത്വവും എഴുത്തും' എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ച സാഹിത്യ അക്കാഡമി നിർവാഹക സമിതിയംഗം ഇ.പി രാജഗോപാലൻ പറഞ്ഞു. വൈദികമതത്തിന്റെ അജൻഡയാണ് പൗരത്വനിയമം പോലുള്ള നടപടികളിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് 'ദേശീയോദ്ഗ്രഥനവും സാഹിത്യവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ഡോ. വത്സലൻ വാതുശ്ശേരി പറഞ്ഞു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ.സി. രാവുണ്ണി, ടി. സത്യനാരായണൻ, പ്രൊഫ. എം. ഹരിദാസ്, ഒ.എൻ. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ ജെൻഡർ വിഷയസമിതി ചെയർ പ്രൊഫ. സി. വിമല അദ്ധ്യക്ഷയായി. റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച 'ആരാണ് ഇന്ത്യക്കാർ' എന്ന നാടകം അരങ്ങേറി.