ചാലക്കുടി: കാടിനകത്ത് സംഭവിക്കുന്ന അഗ്‌നിബാധയിൽ ഇനിമുതൽ വനംപാലകർ ബേജാറാകേണ്ട. അവർക്ക് ഫയർഫോഴ്‌സിനെ കാത്തുനിന്ന് സമയം കളയേണ്ടതുമില്ല. സ്വന്തമായി അഗ്‌നിശമന വാഹനമുള്ള ഇതര സർക്കാർ വകുപ്പായി കാടിന്റെ കാവൽക്കാരും മാറുകയാണ്. കിഴുക്കാംതൂക്കായ ഉൾക്കാട്ടിൽ വരെയെത്തി തീപിടിത്തം അണയ്ക്കാൻ സൗകര്യമുള്ള വാഹനം കഴിഞ്ഞ ദിവസം ചാലക്കുടിയൽ എത്തിക്കഴിഞ്ഞു.
ഫോർവീലർ ഗിയറുള്ള ടാറ്റാ സിനോൺ പിക്കപ്പ് വാനിലാണ് അഗ്‌നിശമന സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. 450 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്ക്, 70 മീറ്റർ ദൂരത്തിൽ വെള്ളം എത്തിക്കാവുന്ന പൈപ്പ് എന്നിവയാണ് സൗകര്യങ്ങൾ. കാടിനകത്ത് വെള്ളം ലഭ്യമായാൽ പമ്പു ചെയ്യാൻ മറ്റൊരു മോട്ടോറും വാഹനത്തിലുണ്ട്. സാധാരണ ജീപ്പുപോലെ എല്ലാ പ്രദേശങ്ങളിലും ഇവനെത്തും. ആക്രമണ ലക്ഷണവുമായി പാഞ്ഞടുക്കുന്ന ആനകളെ തുരത്താൻ ചെപ്പടിവിദ്യയും ഇതിൽ അടങ്ങിയിരിക്കുന്നു. ജീപ്പിലെ പ്രത്യേക സൈറൻ മുഴക്കിയാൽ കുറുമ്പുമായി എത്തുന്ന മൃഗങ്ങൾ പമ്പകടക്കും. ഇതിലെ മെഷീൻ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും ഏതു മൃഗങ്ങളേയും ഭയപ്പെടുത്തും.
എന്നാൽ മൃഗങ്ങൾക്ക് അരോജകമാകാത്ത വിധമാണ് വാഹനത്തിന്റെ നിറം. വനംവകുപ്പിന്റെ മദ്ധ്യ മേഖലയിലേയ്ക്കായി അനുവദിച്ച യൂണിറ്റിന്റെ ആസ്ഥാനം ചാലക്കുടിലെ മൊബൈൽ സ്‌ക്വാഡ് ഓഫീസാണ്. വരന്തരപ്പിള്ളി മുതൽ മലയാറ്റൂർ വരെയാണ് പ്രവർത്തന പരിധി. മൂന്നു പേർക്ക് ജീപ്പിൽ സഞ്ചരിക്കാം. പരിയാരം റേഞ്ച് ഓഫീസിലെ 15 പേർ കാടിനകത്തെ അഗ്‌നിശമന ദൗത്യത്തിന് പരിശീലനവും നേടി. ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും ഇതിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങിൽ അനുവദിച്ചതിൽ ഒന്നാണ് ചാലക്കുടിയലെത്തിയ വാഹനം. മറ്റൊന്ന് എത്തിയിരിക്കുന്നത് പാലക്കാടാണ്. മുപ്പത്തിയെട്ട് ലക്ഷം രൂപ വിലവരുന്ന വാഹനം എല്ലാ ജില്ലകളിലും ലഭ്യമാക്കലാണ് വനം വകുപ്പിന്റെ ലക്ഷ്യം.
......................
വാഹനവും മേൻമയും
ഫോർവീലർ ഗിയറുള്ള ടാറ്റാ സിനോൺ പിക്കപ്പ് വാനിലാണ് അഗ്‌നിശമന സംവിധാനം
450 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്ക്
70 മീറ്റർ ദൂരത്തിൽ വെള്ളം എത്തിക്കാവുന്ന പൈപ്പ്
വെള്ളം ലഭ്യമായാൽ പമ്പു ചെയ്യാൻ മറ്റൊരു മോട്ടോറും
ആക്രമണ ലക്ഷണവുമായി പാഞ്ഞടുക്കുന്ന മൃഗങ്ങളെ തുരത്താൻ ജീപ്പിൽ പ്രത്യേക സൈറൻ
മൂന്നു പേർക്ക് ജീപ്പിൽ സഞ്ചരിക്കാം