കാഞ്ഞാണി: പൗരത്വഭേദഗതി ബില്ല് മതേതരത്വത്തിന്റെ അടിത്തറ ഇളക്കിയെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയിൽ. സി.പി.ഐ ജില്ലാ സെക്രട്ടറിയും മുൻ കൃഷി മന്ത്രിയുമായിരുന്ന കൃഷ്ണൻ കണിയാംപറമ്പിലിന്റെ 15-ാം ചരമദിനത്തോടനുബന്ധിച്ച് കാഞ്ഞാണിയിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതി ബില്ലിന്റെ അപകടം ആദ്യം തിരിച്ചറിഞ്ഞത് സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും യുവാക്കളുമായിരുന്നുവെന്നും കെ. ഇ ഇസ്മയിൽ പറഞ്ഞു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണൻ അദ്ധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ്, എൻ. കെ സുബ്രഹ്മണ്യൻ, കെ. വി വിനോദൻ, വി. ആർ മനോജ്, രാഗേഷ് കണിയാംപറമ്പിൽ, കെ. കെ രാജേന്ദ്രബാബു, എം. ആർ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണൻ കണിയാംപറമ്പിൽ പഠിച്ച മണലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.