തൃശൂർ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 പേരും തൃശൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരുമടക്കം ജില്ലയിൽ നിലവിൽ ആറ് പേർ ആശുപത്രിയിലുളളതായി ആരോഗ്യവകുപ്പ് അറിയിച്ചു. 229 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ മൂന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 62 പേരുടേതായി 91 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി 3,345 പേർക്ക് ക്ലാസ് നൽകി. ജില്ലയിൽ ആകെ 76,019 പേർ ബോധവത്കരണ ക്ലാസിലെത്തി.

മൊത്തം 18 പേർ അറസ്റ്റിൽ

കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഏങ്ങണ്ടിയൂർ ചക്കാടൻ വീട്ടിൽ ആനന്ദ് (36), കുണ്ടലിയൂർ ബ്ലാങ്ങാട്ട് ഹൗസിൽ സന്തോഷ് (35) എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 18 പേർ അറസ്റ്റിലായി. റൂറൽ പൊലീസ് പത്ത് പേരെയും സിറ്റി പൊലീസ് എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്...