ചാലക്കുടി: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങി, ചാലക്കുടി പോട്ടയിലെ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പോട്ട ചെങ്ങിനിയാടൻ ജോണിന്റെ മകൾ നേഹ ജോണിനാണ് (16) അത്യാഹിതം നേരിട്ടത്. ചന്തക്കുന്നിൽ വച്ചായിരുന്നു അപകടം. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ നേഹ ചവുട്ടിപടിയിൽ നിൽക്കുമ്പോഴേക്കും ബസ് മുന്നോട്ടെടുക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ കുട്ടി താഴെ വീണപ്പോഴാണ് കാലിലൂടെ ചക്രം കയറിയത്. ഉടനെ വിദ്യാർത്ഥിനിയെ ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.