gvr-devaswom-
ദേവസ്വം ഭരണസമിതി അംഗം എ.വി.പ്രശാന്ത് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ ജീവനക്കാരുടെ സ്ഥലം മാറ്റം ചെയർമാൻ ഏകപക്ഷീയമായി നടപ്പാക്കുന്നു എന്നാരോപിച്ച് ഭരണസമിതിയിലെ ജീവനക്കാരുടെ പ്രതിനിധിയും ഭരണസമിതി അംഗവുമായ എ.വി പ്രശാന്ത് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് ഉപരോധിച്ചു. രാവിലെ 11.30 ഓടെയാണ് സമരം ആരംഭിച്ചത്. സമരത്തെ തുടർന്ന് സ്ഥലം മാറ്റം നടപ്പിലാക്കുന്നത് അഡ്മിനിസ്‌ട്രേറ്റർ താത്കാലികമായി മാറ്റിവെച്ചു. വെള്ളിയാഴ്ച്ച മറ്റു ഭരണസമിതി അംഗങ്ങളുമായി കൂടിയലോചിച്ച് സ്ഥലം മാറ്റത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് അറിയിച്ചതിനെ തുടർന്ന് വൈകിട്ട് 3.30ഓടെയാണ് സമരം അവസാനിപ്പിച്ചത്.

ദേവസ്വത്തിലെ 14 ജീവനക്കാരുടെ സ്ഥലം മാറ്റമാണ് വിവാദത്തിന് കാരണമായത്. ഭരണപക്ഷ യൂണിയൻ നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് സ്ഥലംമാറ്റത്തിനുള്ള ലിസ്റ്റ് തയ്യാറാക്കിയത്. ഇതാണ് പ്രകോപിപ്പിച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പിലാക്കുമ്പോൾ ഭരണകക്ഷി യൂണിയൻ നേതാക്കളുമായും ജീവനക്കാരുടെ പ്രതിനിധിയുമായും കൂടിയാലോചിച്ചാണ് ലിസ്റ്റ് തയ്യാറാക്കുക പതിവ്. എന്നാൽ നിലവിലെ ചെയർമാൻ കെ.ബി മോഹൻദാസ് ചുമതലയേറ്റ ശേഷം ഈ പതിവ് ഒഴിവാക്കി ഓരോ സ്ഥാനങ്ങളിലും യോഗ്യരായവരെ നിയമിക്കുകയാണ് ചെയ്തുവരുന്നത്. 14 ജീവനക്കാരുടെ സ്ഥലം മാറ്റത്തിനായി ചെയർമാൻ തയ്യാറാക്കിയ ലിസ്റ്റിൽ ഭരണസമിതി അംഗം പ്രശാന്ത് മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു.

എന്നാൽ പ്രശാന്ത് നിർദ്ദേശിച്ച മാറ്റം പൂർണമായി അംഗീകരിക്കാൻ ചെയർമാൻ തയ്യാറായില്ല. ഭരണസമിതി അംഗം നിർദ്ദേശിച്ച മാറ്റങ്ങളിൽ ആറ് പേരുടെ മാറ്റം മാത്രമാണ് ചെയർമാൻ അംഗീകരിച്ചത്. ഇതേത്തുടർന്നായിരുന്നു ഭരണസമിതി അംഗം തന്നെ സമരവുമായി രംഗത്തെത്തിയത്.

........


ജീവനക്കാരുടെ സ്ഥലം മാറ്റം നടപ്പിലാക്കുമ്പോൾ ചെയർമാൻ ഏകപക്ഷീയമായി പെരുമാറുന്നു. കഴിഞ്ഞ രണ്ട് വർഷവും ചെയർമാൻ ഇത്തരത്തിലാണ് ചെയ്തുവരുന്നത്. ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കാൻ തയ്യാറാകുന്നില്ല. എക്‌സിക്യൂട്ടീവ് യോഗ്യതയുള്ള അഡ്മിനിസ്‌ട്രേറ്ററും ചെയർമാന്റെ തീരുമാനത്തോടൊപ്പം നിൽക്കുകയാണ്.

എ.വി പ്രശാന്ത്
ഭരണസമിതി അംഗം

................

ജീവനക്കാരുടെ സ്ഥലംമാറ്റം ഏകപക്ഷീയമായി നടപ്പിലാക്കുന്നുവെന്നത് തെറ്റാണ്. ഭരണസമിതി അംഗവുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുക്കുന്നത്. ജീവനക്കാരുടെയും ഭരണസമിതി അംഗത്തിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കാനാകില്ല. താൻ തയ്യാറാക്കിയ ലിസ്റ്റ് ഭരണസമിതി അംഗത്തിന് നൽകിയിരുന്നു. എന്നാൽ ഭരണസമിതി അംഗം മാറ്റം വരുത്തി തിരിച്ചേൽപ്പിച്ച ലിസ്റ്റിൽ താൻ തയ്യാറാക്കിയ ലിസ്റ്റിലെ മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അംഗം നൽകിയ ലിസ്റ്റിലെ ആറ് പേരെ ഉൾപ്പെടുത്തിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.

അഡ്വ. കെ.ബി മോഹൻദാസ്
ദേവസ്വം ചെയർമാൻ