ചാലക്കുടി: വെറ്റിലപ്പാറ എണ്ണപ്പനത്തോട്ടത്തിലും നായരങ്ങാടി മാഞ്ചിയംകുന്നിലും തീപിടിത്തം. വനപാലകരും നാട്ടുകാരും ചേർന്ന് എണ്ണപ്പനത്തോട്ടത്തിലെയും ഫയർഫോഴ്‌സ് മാഞ്ചിയംകുന്നിലെയും തീയണച്ചു. വെറ്റിലപ്പാറ പാലത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനായിരുന്നു എണ്ണപ്പനത്തോട്ടത്തിൽ തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തീയാളിപ്പടരുകയും ചെയ്തു. തോട്ടത്തിന്റെ അടിക്കാടുകളാണ് കത്തിയമർന്നത്. കൊന്ന തുടങ്ങി നിരവധി പാഴ്മരങ്ങൾ കത്തിപ്പോയി. എന്നാൽ എണ്ണപ്പന കത്തിയതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ഓടിക്കൂടിയ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ടോടെയാണ് പൂർണമായും തീയണഞ്ഞത്. പുഴത്തീരമായതിനാൽ പെട്ടെന്നുതന്നെ ആവശ്യത്തിനുള്ള വെള്ളം കിട്ടിയിരുന്നു. വിനോദ സഞ്ചാരികൾ അശ്രദ്ധമായി തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കോടശേരി പഞ്ചായത്തിലെ നായരങ്ങാടി മാഞ്ചിയംകുന്നിൽ വൻ അഗ്‌നിബാധയായിരുന്നു. അഞ്ചേക്കറിലെ പുല്ലുകൾ കത്തിനശിച്ചു. പടർന്നു പിടിച്ച തീയണക്കലിന് ചാലക്കുടിയിൽ നിന്നും ഫയർഫോഴ്‌സെത്തി. ബുധനാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. വാഹനങ്ങൾ എത്തിപ്പെടാൻ കഴിയാത്ത സ്ഥലമായതിനാൽ തൂപ്പ് ഉപയോഗിച്ചാണ് തീയണച്ചത്. നാട്ടുകാരും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് മാഞ്ചിയംകുന്ന്..