തൃശൂർ: രണ്ടാം ഡിവിഷൻ ദേശീയ ഐലീഗ് ഫുട്‌ബാൾ മത്സരത്തിൽ എഫ്.സി കേരള, ഗോവ എഫ്.സിക്ക് മുന്നിൽ സമനിലയിൽ കുരുങ്ങി. പെനാൽറ്റി ഉൾപ്പെടെ അരഡസനോളം അവസരം തുലച്ചാണ് എഫ്.സി കേരള (1–1) സമനില ഏറ്റുവാങ്ങിയത്. കോർപറേഷൻ സിന്തറ്റിക് ടർഫ് മൈതാനിയിൽ ഗോവൻ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിൻ്റെ തുടക്കം.
ചെറിയ പാസുകളും വേഗമാർന്ന മുന്നേറ്റത്തിനും മുന്നിൽ പകച്ചുപോയ കേരളയുടെ താരങ്ങൾക്ക് മൂന്നാം മിനിറ്റിൽ തന്നെ അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. പ്രതിരോധതാരം ലാൽമാൻഗായ് സാംഗാ കേരള ഗോളി അഹമ്മദ് അഫ്‌സറിനെ കബളിപ്പിച്ച് പന്ത് പോസ്റ്റിലേക്ക് ഉതിർത്തു (1–0). സ്വന്തം മൈതാനത്ത് ഒരു ഗോളിന് പിന്നിലായതോടെയാണ് കേരളക്കാർ കളിയിലേക്ക് തിരിച്ചെത്തിയത്.
മദ്ധ്യനിരയും പ്രതിരോധവും ഉണർന്ന് പന്ത് കൃത്യസമയങ്ങളിൽ മുന്നേറ്റതാരങ്ങൾക്ക് കൈമാറിക്കൊണ്ടിരുന്നു. 26-ാം മിനിറ്റിൽ തന്നെ ഗോവൻ താരങ്ങളെ ഞെട്ടിച്ച് കേരളയുടെ ഗോൾ പിറന്നു. വലതുവിംഗിൽ നിന്ന് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് കേരള എഫ്.സിയുടെ ഐവറികോസ്റ്റ് താരം സിറിൾ മികച്ച ഹെഡറിലൂടെ ഗോവൻ വലയിലാക്കി (1–1). ആക്രമണം തുടർന്ന കേരളയ്ക്ക് വീണ്ടും അവസരം ലഭിച്ചു. ഗോവൻ പോസ്റ്റിന് തൊട്ടുവെളിയിൽ മുന്നേറ്റ താരത്തെ ഫൗൾ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്കെടുത്ത റോഷൻ ജിജിയുടെ അടി ഗോവൻ പ്രതിരോധ മതിലിലെ താരത്തിന്റെ കൈയിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ കേരളയ്ക്ക് അനുവദിച്ച പെനാൽറ്റി മുന്നേറ്റതാരം മൗസൂഫ് നൈസാൻ പോസ്റ്റിനു മുകളിലൂടെ അടിച്ചുപറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരത്തിലെ അവസാന നിമിഷം കേരളക്കാർക്ക് കിട്ടിയ അവസരവും പുറത്തേക്ക് അടിച്ച് പാഴാക്കി.