കൊടുങ്ങല്ലൂർ: നഗരസഭയിലെ എൽത്തുരുത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചതായി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിന് പിറകെ വാട്ടർ അതോറിറ്റി അധികൃതരുമായി ഉടനെ ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകളിലെ തടസം അടിയന്തരമായി മാറ്റുന്നതിന് നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന്‌ വാട്ടർ അതോറിറ്റി എൻജിനിയറുമായുള്ള ചർച്ചയിൽ ഞായറാഴ്ചയോടെ പൈപ്പിലെ എയർ ബ്ലോക്ക് തീർത്ത് വെള്ളം വിതരണം ഉറപ്പു വരുത്താൻ തീരുമാനമായി. കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇന്നലെ മുതൽ തന്നെ നഗരസഭ ടാങ്കറിൽ വെള്ളമെത്തിക്കാൻ തുടങ്ങിയിരുന്നു. ക്ഷാമം തീരും വരെ ടാങ്കറിൽ വെള്ളം നൽകുന്നത് തുടരും.

വെള്ളം തുടർന്ന് മൂന്ന് ദിവസം കൂടുമ്പോൾ ലഭിക്കുന്നതിന് പുതിയ പൈപ്പുകൾ നേരിട്ട് സ്ഥാപിക്കും. വാട്ടർ അതോറിറ്റി ഇതിനാവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നൽകിയാൽ നഗരസഭ ഉടനെ പണമടച്ച് പദ്ധതി നടപ്പിലാക്കുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. ഹണി പീതാംബരൻ, കെ.എസ് കൈസാബ്, സി. കെ രാമനാഥൻ, വി.ജി ഉണ്ണികൃഷ്ണൻ, വി.എം ജോണി, എം.എസ് വിനയകുമാർ, ഐ.എൽ ബൈജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.