തൃപ്രയാർ: തുല്യത പരീക്ഷ വിജയിച്ച് അറുപത്തി എട്ടാം വയസിൽ പത്താം ക്ലാസിന്റെ പടികടന്ന് മുഹമ്മദ്. തളിക്കുളത്തെ അമ്പലത്തു വീട്ടിൽ മുഹമ്മദ് ജീവിത പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും മൂലം പാതി വഴിയിൽ പഠനം നിറുത്തിയതാണ്. ചെറുപ്രായത്തിൽ തന്നെ ജോലിക്കായി ഇറങ്ങിത്തിരിച്ചു. പ്രായമായപ്പോഴാണ് പഠനം തുടരണമെന്ന ആഗ്രഹം കലശലായത്.
തുടർന്ന് 2017ൽ ഏഴാം തരം തുല്യതാ ക്ലാസിൽ ചേർന്നു. പ്രേരക് മിനി. എം.ആറിന്റെ പ്രോത്സാഹനത്തിൽ ഏഴാം തരം പാസായി. തുടർന്ന് പത്താം തരത്തിൽ ചേർന്നു. തളിക്കുളം വൊക്കേഷണൽ ഗവ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പഠനം. പിന്നീട് പരീക്ഷയടുത്തപ്പോൾ ക്ലാസ് കോഡിനേറ്റർ എ.എസ് സിന്ധുവും മറ്റ് അദ്ധ്യാപകരും പൂർണ്ണ പിന്തുണയേകി. അതിനിടെ നാട്ടിക തുടർവിദ്യാ കേന്ദ്രത്തിൽ ഒഴിവു സമയങ്ങളിലും സായാഹ്നങ്ങളിലും നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശീലന ക്ലാസുകളിലും പങ്കെടുത്തു.
തളിക്കുളം ഗവ ഹയർസെക്കൻഡറി സ്കൂളിൽ 47 പേർ പരീക്ഷയെഴുതിയതിൽ 45 പേരും വിജയിച്ചു. ഹയർ സെക്കൻഡറിയിൽ ചേരുവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മുഹമ്മദും കൂട്ടുകാരും. നാട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ പ്രസിഡന്റ് പി. വിനു വിജയികൾക്ക് മധുരം നൽകി. മെമ്പർമാരായ പി.എം സിദ്ദിഖ്, വി.എം സതീശൻ, ലളിത മോഹൻദാസ് എന്നിവർ സംബന്ധിച്ചു...