ks-u
മണലൂർ താഴംപടവിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നു

കാഞ്ഞാണി : നെൽക്കൃഷി മേഖലയിലെ ഹൈടെക് രംഗത്തേക്കുള്ള പുതിയ കാൽവയ്പ് ഡ്രോൺ വളപ്രയോഗം വിജയകരം. ഡ്രോൺ ഉപയോഗിച്ച് വളമിടുന്നരീതി മണലൂർ താഴം പടവിലാണ് നടപ്പിലാക്കിയത്. 50 ഏക്കർ നെൽക്കൃഷിയിൽ രണ്ടു തവണ ഡ്രോൺ ഉപയോഗിച്ചാണ് വളമിട്ടത്. 30 നെൽക്കർഷകരാണ് ഹൈടെക് രീതിയിലുള്ള ഡ്രോൺ സംവിധാനം പ്രയോജനപ്പെടുത്തിയത്.

കൃഷി ഹൈടെക്കാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൾപ്പടവുകളിൽ വളമിടാനും മരുന്ന് തളിക്കാനും ഡ്രോണുകൾ പരീക്ഷിച്ചത്. നെൽച്ചെടികൾക്കിടയിലൂടെ നടന്നു വളമിടുന്ന പരമ്പരാഗത രീതിക്ക് പകരം ഡ്രോണുകൾ ഉപയോഗിച്ച് കൃഷിക്കാവശ്യമായ വളവും കീടനാശിനികളും നൽകുകയെന്നതാണ് പുതിയ പദ്ധതി. ഒരേക്കറിൽ മരുന്ന് തളിക്കാൻ വെറും 4 മിനിറ്റാണ് ഡ്രോണിന് ആവശ്യം.

ഒരേക്കറിൽ മരുന്ന് തളിക്കാൻ 800 രൂപയാണ് ചെലവ്. ഓലകരിച്ചിൽ പോലെയുള്ള രോഗബാധകളെ ചെറുക്കാനും ഒപ്പം കൃഷിരീതി മെച്ചപ്പെടുത്താനും ഇതിലൂടെയാകും. ഏറെ അകലെ നിന്ന് ഒരേ അളവിൽ എല്ലായിടത്തും മരുന്ന് തളിക്കാം. ചെലവ് കുറവായതിനാൽ പദ്ധതി കർഷകർക്കും ഏറെ ഉപകാരപ്രദമാണ്. ഒറ്റ പറക്കലിൽ 25 ലിറ്റർ കീടനാശിനി ശേഖരിച്ചു വച്ച് തളിക്കാനാകും. സുതാര്യമായ രീതിയിൽ ഉപയോഗിക്കാൻ 15 ലിറ്ററാണ് അഭികാമ്യം.

45 മിനിറ്റ് ഉപയോഗിച്ചാൽ ബാറ്ററിയുടെ ചാർജ് കഴിയുമെന്ന ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് നിലവിലുള്ളത്. ഇതു പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ജില്ലയിലെ മുഴുവൻ കോൾ പടവുകളിലും ഡ്രോൺ സംവിധാനംപ്രയോജനപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് കർഷകർ..

-------------------------------------+++++------++++++++

രണ്ടുതവണ 50 ഏക്കർ നെൽക്കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത് വിജയകരമായിരുന്നു. ഈ കാലഘട്ടത്തിൽ ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള വളം ഇടുന്നതും മരുന്ന് തളിക്കുന്നതും നെൽകർഷകർക്ക് വളരെ ഗുണകരമാണ്.

ഇഗ്നേഷ്യസ് ,ജോയിന്റ് സെക്രട്ടറി മണലുർ താഴംപടവ് കമ്മിറ്റി

മേന്മകൾ ഇവ

ഒരേക്കറിൽ മരുന്ന് തളിക്കാൻ വെറും 4 മിനിറ്റ്

ഒരേക്കറിൽ മരുന്ന് തളിക്കാൻ 800 രൂപ

ഏറെ അകലെ നിന്ന് ഒരേ അളവിൽ എല്ലായിടത്തും മരുന്ന് തളിക്കാം

ഒറ്റ പറക്കലിൽ 25 ലിറ്റർ കീടനാശിനി

ദോഷം ഇങ്ങനെ

45 മിനിറ്റ് ഉപയോഗിച്ചാൽ ബാറ്ററിയുടെ ചാർജ് കഴിയും