തൃശൂർ: വികസന പ്രവർത്തനം നടത്തുന്നതിനായി നടപ്പു സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 21,000 കോടി നൽകുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. തൃശൂർ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ സംസ്ഥാന മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ റിസർജന്റ് കേരള ലോൺ സ്‌കീം (ആർ.കെ.എൽ.എസ്) പ്രകാരം പ്രളയബാധിതരുടെ വായ്പകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പലിശയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഏറെ സാമ്പത്തിക പ്രയാസം നേരിട്ടിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകാനായി. ഈയിനത്തിൽ 6000 കോടിയാണ് കേന്ദ്രസർക്കാർ അവരുടെ വിഹിതത്തിൽ നിന്ന് വെട്ടിക്കുറച്ചത്. ചെറുകിട സംരംഭങ്ങളെ വളർത്തികൊണ്ടുവരാനുള്ള സാദ്ധ്യത സംസ്ഥാന സർക്കാർ കണ്ടെത്തും. കുടുംബശ്രീയെ ഇനിയും വരുമാനം വർദ്ധിപ്പിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ബഡ്ജറ്റിൽ 1000 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, നഗരസഭ ചെയർമാൻമാരായ കെ. ആർ ജൈത്രൻ, ജയന്തി പ്രവീൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എ മനോജ് കുമാർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഡയറക്ടർ ആശ വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.വി ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.