തൃശൂർ: കേരളത്തിലെ നവോത്ഥാന നായകന്മാരിൽ പ്രമുഖനായ പ്രേംജിയുടെ തൃശൂരിലെ ഭവനം സ്മാരകമാക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. തൃശൂർ തെക്കേമഠത്തിലെ പൗരാണിക കെട്ടിടങ്ങളുടെയും പടിഞ്ഞാറെചിറയുടെയും പുനരുദ്ധാരണത്തിന് 3.5 കോടിയും നൽകുമെന്ന്, ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് വ്യക്തമാക്കി.
തൃശൂർ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഭരത് പ്രേംജിയുടെ ഭവനം സ്മാരകമാക്കി സംരക്ഷിക്കുന്നതിന് സാംസ്‌കാരിക വകുപ്പുമായും പ്രേംജിയുടെ കുടുംബാംഗങ്ങളുമായും പലതവണ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് തീരുമാനം. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ പ്രേംജിയുടെ ഭവനം ഒരു കോടി രൂപ വിനിയോഗിച്ച് പ്രേംജിക്കുള്ള സ്മാരകമാക്കും. ഇതിനായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതി തയ്യാറാക്കും. കേരളത്തിലെ പ്രാചീന ആദ്ധ്യാത്മിക ഗുരു സങ്കേതമായ തൃശൂർ തെക്കേമഠം പൗരാണിക കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ്. ഈ കെട്ടിടങ്ങളുടെയും മഠത്തിനോട് ചേർന്നുള്ള പടിഞ്ഞാറെച്ചിറയുടെയും പുനരുദ്ധാരണ പ്രവൃത്തികൾക്കായി 3.5 കോടിയാണ് അനുവദിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി ഏകോപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.