മാള: കുഴൂർ സർക്കാർ ഹൈസ്കൂളിലെ അപകട സാദ്ധ്യതയുള്ള ദ്വാരങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കുട്ടികൾ കത്തയച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തിട്ടില്ല. ഇതേത്തുടർന്നാണ് സ്കൂളിലെ കുട്ടികൾ കത്തയച്ച് കാത്തിരിക്കുന്നത്. വിദ്യാലയത്തിലെ ഇരുപത്തഞ്ചോളം കുട്ടികൾ ചേർന്നാണ് കത്തയച്ചത്. നിരവധി പരാതികൾ നൽകിയിട്ടും ബന്ധപ്പെട്ടവർ കാര്യമാക്കുന്നില്ലെന്നും ദ്വാരങ്ങളിൽ പാമ്പുകളെ കണ്ടതായി കേൾക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസിന് എഴുതിയ പരാതിയിൽ പറയുന്നു. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുന്നോടിയായി വർഷങ്ങളായി രാത്രികാല ക്‌ളാസ് നടത്തുന്നുണ്ട്. ഭീതിയുള്ളതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.