ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സർവെ വകുപ്പു നടത്തിയ രണ്ടാമത്തെ സർവേ റിപ്പോർട്ട് റവന്യൂ വകുപ്പിന് കൈമാറി. ആദ്യ സർവെ റിപ്പോർട്ടിൽ തെറ്റുണ്ടായതിനെ തുടർന്നാണു റദ്ദാക്കി പുതിയ സർവെ നടത്തിയത്. അടുത്ത ദിവസം റിപ്പോർട്ട് കളക്ടർക്കു കൈമാറും. കളക്ടർ ഭൂമിയുടെ വില നിശ്ചയിച്ച് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനു കൈമാറും. പഴയ സർവെ റിപ്പോർട്ട് റദ്ദാക്കി പുതിയതു തയാറാക്കുന്നതിനുള്ള കാലതാമസമായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടിക്കു തടസമായത്. സർവെ റിപ്പോർട്ട് കൈമാറിയതോടെ ഇനി തുടർ നടപടികൾ വേഗത്തിലാകും.
കിഴക്കേനടയിൽ റെയിൽവേ ഗേറ്റിന് വശങ്ങളിലായി 27 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ആദ്യ സർവെയിൽ 40 സെന്റിലേറെ ഏറ്റെടുക്കേണ്ടിവരുമെന്നാണു പറഞ്ഞിരുന്നത്. 27 സെന്റിൽ 7.5 സെന്റ് അപ്രോച്ച് റോഡിനു വേണ്ടിയാണ്. ബാക്കി 20 സെന്റ് സ്ഥലമാണ് മേൽപ്പാലത്തിനു വേണ്ടിവരുന്നത്. നിലവിലുള്ള റെയിൽവെ ഗേറ്റിനു മുകളിലൂടെയാണു മേൽപ്പാലം വരുന്നത്. മേൽപ്പാലത്തിന്റെ രൂപരേഖയ്ക്കു റെയിൽവേയുടെ സാങ്കേതിക അനുമതിയും കിഫ്ബിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ 25കോടിയാണ് മേൽപ്പാലത്തിനായി നീക്കിവച്ചിട്ടുള്ളത്.

മേൽപ്പാലം നിർമ്മാണവും സ്ഥലമേറ്റെടുക്കലും

ഏറ്റെടുക്കുന്നത് കിഴക്കേനടയിൽ റെയിൽവേ ഗേറ്റിന് വശങ്ങളിലായി 27 സെന്റ് സ്ഥലം

27 സെന്റിൽ 7.5 സെന്റ് അപ്രോച്ച് റോഡിന്

20 സെന്റ് സ്ഥലം മേൽപ്പാലത്തിന്

മേൽപ്പാലം വരുന്നത് നിലവിലുള്ള റെയിൽവെ ഗേറ്റിനു മുകളിലൂടെ

പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ മേൽപ്പാലത്തിനായി നീക്കിവച്ചിട്ടുള്ളത് 25കോടി