വടക്കാഞ്ചേരി: വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ . മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ഉദ്ദേശം 35നും 40നും മദ്ധ്യേ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് .
വസ്ത്രവും മുഖവും കത്തിക്കരിഞ്ഞതിനാൽ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. കഴുത്തിൽ താലിമാലയും കമ്മലും അണിഞ്ഞിട്ടുണ്ട്. മൃതദേഹം പുഴു അരിക്കാൻ തുടങ്ങിയ നിലയിലാണ്. പല്ലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിനടുത്തു നിന്ന് രണ്ടു ലിറ്റർ പെട്രോൾ സൂക്ഷിക്കാവുന്ന കന്നാസും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു. മന്ത്രി എ.സി മൊയ്തീൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, കമ്മിഷണർ ആർ. ആദിത്യ, എ.സി.പി ടി.എസ് സിനോജ്, സി.ഐ ആർ. മാധവൻ കുട്ടി എന്നിവരടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും കാണാതായവരുടെ വിവരം ശേഖരിക്കാൻ നിർദ്ദേശം നൽകി.