ചാലക്കുടി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു. മെക്കാനിക്കൽ വിഭാഗത്തിലെ മൂന്നു ജീവനക്കാരെ കഴിഞ്ഞ ദിവസം എ.ടി.ഒ സസ്‌പെൻഡ് ചെയ്തതാണ് ഇപ്പോഴത്തെ വിവാദം. ചാർജ്ജ് മാൻ രാജു, മെക്കാനിക്കുകളായ ടോബി, അനൂപ് എന്നിവരുടെ പേരിലാണ് നടപടി. കേടുള്ള ബസുകൾ സർവീസിന് വിടാൻ തയ്യാറാക്കി നൽകിയെന്ന കണ്ടെത്തലാണ് നടപടിക്ക് ആധാരം. ഒരോ ദിവസവും ബസുകളുടെ കേടുപാടുകൾ കണ്ടു പിടിച്ച് അവ നേരയാക്കിയതിനു ശേഷമെ നിരത്തിലിറക്കാൻ പാടുള്ളുവെന്നാണ് ചട്ടം. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നാണ് എ.ടി.ഒയുടെ കണ്ടെത്തൽ. ഇതോടെ ഡിപ്പോ അധികൃതരും ജീവനക്കാരും തമ്മിലെ നിലനിൽക്കുന്ന പടലപിണക്കം അതിരൂക്ഷമാവുകയും ചെയ്തു.

സർവീസിന് പോകുന്നതിന് മുമ്പ് ഓടിച്ചു നോക്കിയ ഡ്രൈവറാണ് മെയിൻ ലീഫ് ഒടിഞ്ഞ വിവരം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതു തങ്ങളുടെ കുറ്റമല്ലെന്ന് ജീവനക്കാർ പറയുന്നു. നേരെത്ത നടന്ന ഡിപ്പോയിലെ മരംമുറി, എ.ടി.ഒ വിളിച്ച അവലോകന യോഗത്തിൽ വിട്ടുനിൽക്കൽ എന്നിവയുമായി ബന്ധപ്പെട്ട വൈരാഗ്യം തീർക്കാലാണ് ഇതിന്റെ പിന്നിലെന്ന് ജീവനക്കാർ പറയുന്നു.