ചാലക്കുടി: സാമ്പത്തിക ബാധിത മൂലം ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഹോസ്റ്റൽ പ്രവർത്തനം അവതാളത്തിൽ. പട്ടിക വർഗ്ഗ വിദ്യാർത്ഥിനികൾ ഒരുവർഷമായി താമസിക്കുന്ന ഹോസ്റ്റൽ സംവിധാനത്തിനാണ് പ്രതിസന്ധി. നടത്തിപ്പുകാരായ മേലൂർ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിന് മൂന്നര ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടാനുള്ളതാണ് നടത്തിപ്പിന് വിനയായത്.
ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥിനികൾക്കായി പ്രതിമാസം മൂവായിരം രൂപ ഈ ഗ്രാന്റും 190 രൂപ പോക്കറ്റ് മണിയായും നൽകുന്നുണ്ട്. എന്നാൽ വിദ്യാർത്ഥിനികളുടെ അക്കൗണ്ടിലേയ്ക്ക് വരുന്ന പ്രസ്തുത സംഖ്യ പലകാരണത്താൽ നടത്തിപ്പുകാർക്ക് ലഭിക്കുന്നില്ല. കൈപ്പറ്റിയ തുക പലരും ഹോസ്റ്റലിൽ അടച്ചിട്ടില്ല. ചിലർ ഇതുവരേയും പണം ബാങ്കിൽ നിന്നും എടുത്തതുമില്ല. ഇതോടെ കുറച്ചുനാൾ ഹോസ്റ്റൽ പ്രവർത്തനം സ്തംഭിച്ചു. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഇപ്പോൾ പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. എങ്കിലും ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ഇനിയും പ്രതിസന്ധി സംജാതമാകുമെന്ന് പറയുന്നു. വിദ്യാർത്ഥിനികൾക്കുള്ള ഈ ഗ്രാന്റ് നേരത്തെ ഹോസ്റ്റലിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. എന്നാൽ ഓഡിറ്റിംഗ് പ്രശ്‌നത്തെ തുടർന്നാണ് ഇത് നേരിട്ട് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.