ഗുരുവായൂർ: ഫ്‌ളാറ്റിൽ ഉറുമ്പരിച്ച് അവശനിലയിൽ കഴിഞ്ഞിരുന്ന 90 കാരിയെ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി ആശുപത്രിയിലേക്ക് മാറ്റി. തെക്കെ നടയിലെ കൽപ്പക ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്ന മാവേലിക്കര സ്വദേശി രാജമ്മയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
86 വയസുള്ള സഹോദരി ഓമനയ്‌ക്കൊപ്പമാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നത്. ആറ് മാസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. അടുത്തുള്ള ഫ്‌ളാറ്റുകാരുടെ സഹായത്താലാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇവരുടെ അവസ്ഥയെ കുറിച്ച് അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ഇടപെട്ടു. അവശനിലയിലുള്ള രാജമ്മയെ ശുശ്രൂഷിക്കാനുള്ള ആരോഗ്യം സഹോദരിക്കുണ്ടായിരുന്നില്ല.
ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരികൾ ചേർന്ന് ഇവരെ കുളിപ്പിച്ച് മുറി വൃത്തിയാക്കി. തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സി.ഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. സഹായിക്കാൻ ആളില്ലാതെ രണ്ട് വൃദ്ധകളെ ഒറ്റയ്ക്ക് താമസിപ്പിച്ച സംഭവം ഗൗരവമായാണ് അന്വേഷിക്കുന്നതെന്ന് സി.ഐ പറഞ്ഞു. മാവേലിക്കരയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സഹോദരിമാർ അവിവാഹിതരാണെന്നാണ് പൊലീസിനോട് പറഞ്ഞത്.