തൃശൂർ: ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ നിറുത്താതെ പോയ ചരക്ക്ലോറിയിൽ നിന്ന് 60കിലോ കഞ്ചാവ് പിടികൂടി. ലോറി ഡ്രൈവർ പുത്തൂർ പയ്യപ്പിള്ളിമൂല പുത്തൻ പുരയ്ക്കൽ സനീഷ് (32), അഞ്ചേരി കാളൻ സാബു (53) എന്നിവരെ എക്സൈസ് ഇന്റലിജൻസ് സംഘം പിടികൂടി. പാലക്കാട് തൃശൂർ അതിർത്തിയിൽ സ്പിരിറ്റ് കടത്തിയ വാഹനം ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ് കുമാറും പാർട്ടിയും ചരക്കു വാഹനം തടഞ്ഞു പരിശോധന നടത്തുമ്പോൾ ടി.എൻ 38 ബി.എച്ച് 9509 ചരക്കു ലോറി കൈ കാണിച്ചിട്ടും നിറുത്താതെ പോയി. വാഹനത്തെ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് സംഘം പിടികൂടുകയായിരുന്നു.
മുമ്പ് കേസിൽ ഉൾപ്പെട്ട സനീഷിനെ വാഹനത്തിൽ കണ്ടതോടെ സംശയമായി. വാഹനത്തിൽ കഞ്ചാവിന്റെ മണം അനുഭവപ്പെട്ടതോടെ സൂക്ഷമമായി പരിശോധിച്ചു. ലോറിയുടെ കാബിനിൽ നിന്ന് 29 ബാഗ് കഞ്ചാവ് കണ്ടെത്തി. ആന്ധ്രയിൽ നിന്നു കൊണ്ടുവരികയായിരുന്ന കഞ്ചാവ് മണ്ണുത്തി എത്തിച്ചാൽ വാഹനത്തിന് മുമ്പിൽ പൈലറ്റ് വണ്ടി വരുമെന്നും ഇറക്കേണ്ട സ്ഥലം കാണിച്ചു നൽകുമെന്നുമായിരുന്നു ഇവർക്ക് ലഭിച്ച നിർദ്ദേശം. ആന്ധ്ര, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ കഞ്ചാവ് എത്തിച്ച് വിദ്യാർത്ഥികളും മറ്റ് ക്രിമിനൽ പശ്ചാത്തലമുള്ള യുവാക്കളും ചേർന്ന് വിൽക്കുകയാണ് പതിവ്. കഴിഞ്ഞ വർഷം ഇന്റലിജൻസ് 375 കിലോ കഞ്ചാവാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയിരുന്നത്.
ഡിസംബറിൽ മാത്രം 23 കിലോ പിടികൂടി. ആന്ധ്രയിൽ നിന്നും 50, 100, 200 കിലോ കഞ്ചാവ്, ബാഗുകളിലാക്കി ലോഡുകൾ എല്ലാ ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ട്രെയിൻ വഴിയും മറ്റ് വാഹനങ്ങളിലുമായി എത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു. യുവാക്കളായ ചരക്കു ലോറി ഡ്രൈവർമാർ സംഘത്തിൽ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. കൂട്ടുപ്രതികളെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഇന്റലിജൻസ് ടീമംഗങ്ങളായ കെ. മണികണ്ഠൻ, സതീഷ് .ഒ.എസ്, ഷിബു .കെ.എസ്, മോഹനൻ .ടി.ജി, ഷെഫീക് .ടി.എ എന്നിവരും സംഘത്തിലുണ്ടായിരുന്നു.