അന്തിക്കാട് : ശ്രീനാരായണാശ്രമത്തിനെയും സോമശേഖര ക്ഷേത്രത്തിനെയും അപകീർത്തിപ്പെടുത്തി വ്യാജരേഖകൾ ചമച്ച് ക്ഷേത്രസ്വത്തുക്കൾ തട്ടിയെടുക്കാൻ നിക്ഷിപ്ത താൽപ്പര്യക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വ്യാജരേഖ ചമച്ച് ക്ഷേത്രത്തിന്റെ സ്വത്തുവഹകൾ പിടിച്ചടക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ ഞായറാഴ്ച വൈകീട്ട് 2.30ന് ശിവഗിരി മഠത്തിലെ 11 അംഗ ബോർഡ് അംഗങ്ങളടക്കം 25 സ്വാമിമാരുടെ നേതൃത്വത്തിൽ മൗനപ്രദക്ഷിണവും പൊതുസമ്മേളനവും പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രാങ്കണത്തിൽ നടത്തുമെന്നും സ്വാമി ബ്രഹ്മസ്വരൂപാനന്ദ അറിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും.
ഇപ്പോഴുള്ള ശ്രീനാരായണാശ്രമം ഭരണസമിതിയുമായോ ക്ഷേത്രം ഉപദേശക സമിതിയുമായോ യാതൊരുവിധ അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നില്ല. ഏഴ് ദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങൾ ഒറ്റക്കെട്ടായി ക്ഷേത്രസംരക്ഷണത്തിനും ഉത്സവം നടത്തിപ്പിനുമായി അശ്രാന്തം രംഗത്തുണ്ടെന്നും വൈസ് പ്രസിഡന്റ് ഹണി കണാറ, ഉപദേശക സമിതി അംഗങ്ങളായ പ്രേംകുമാർ പണ്ടാരിക്കൽ, അജയൻ പറവത്ത്, ബോസ് കിഴുമാലിൽ, ടി.ജി രതീഷ് എന്നിവരും അറിയിച്ചു.
ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ലെറ്റർപാഡും സീലുകളും വ്യാജമായി നിർമ്മിച്ച് കൃത്രിമമായി ധർമ്മസംഘം ട്രസ്റ്റിന്റെ സെക്രട്ടറിയുടെ ഒപ്പുമിട്ടാണ് തൽപ്പര കക്ഷികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഇതിനെതിരെ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും സ്വാമി ബ്രഹ്മസ്വരൂപാനന്ദ പറഞ്ഞു. വരവ് ചെലവ് കണക്കുകൾ ശിവഗിരി മഠത്തിൽ നിന്നുള്ള ഓഡിറ്റ് പൂർത്തിയാക്കി അംഗീകരിച്ചതാണെന്നും സ്വാമി ബ്രഹ്മസ്വരൂപാനന്ദ അറിയിച്ചു.