dead-body

വടക്കാഞ്ചേരി: കുറാഞ്ചേരിയിൽ ആളൊഴിഞ്ഞ പമ്പിൽ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ ചേന്നൻ കണ്ടത്ത് രാമചന്ദ്രന്റെ ഭാര്യ കുഞ്ഞുലക്ഷ്മിയെയാണ് (51) മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറാഞ്ചേരിയിലെ കുഞ്ഞുലക്ഷ്മി ചികിത്സ തേടിയെത്താറുള്ള മാനസികാശുപത്രിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീ ഇടയ്ക്ക് ഇവിടെ ചികിത്സ തേടിയെത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ മരണത്തിൽ ദുരൂഹതയേറെയാണ്. കുറാഞ്ചേരിയിൽ ചികിത്സയ്ക്കായി എത്തുമ്പോൾ ഒറ്റയ്ക്കല്ല ഇവർ എത്തിയിരുന്നത്. ചികിത്സയ്ക്കായി വരാറുള്ള ആശുപത്രിയുടെ അടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദേഹത്ത് പരിക്കുകൾ ഉള്ളതായി തെളിവുകളില്ല. മൃതദേഹത്തിനടുത്തു നിന്നും കിട്ടിയ പെട്രോൾ കൊണ്ടുവന്ന കന്നാസും, ഒഴിഞ്ഞ മദ്യക്കുപ്പികളും സംശയത്തിനിടയാക്കുന്നു. ഫെബ്രുവരി എട്ട് മുതൽ ഇവരെ കാണാതായതായി കാട്ടി ഒറ്റപ്പാലം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കുറാഞ്ചേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണോയെന്ന സംശയത്തിൽ വടക്കാഞ്ചേരി പൊലീസ് ഭർത്താവ് രാമചന്ദ്രനടക്കമുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നു. സ്ത്രീ അണിഞ്ഞിരുന്ന മാലയിലെ താലിയും, ഉടുത്തിരുന്ന നീലനിറത്തിൽ പൂക്കളുള്ള സാരിയുടെ അംശങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. കുഞ്ഞുലക്ഷ്മിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്..

ദുരൂഹതയുടെ നാല് അടയാളങ്ങൾ

മൃതദേഹം കണ്ടത് ചികിത്സ തേടിയെത്താറുള്ള ആശുപത്രിക്ക് സമീപം

സാധാരണ ചികിത്സയ്ക്ക് എത്താറുള്ളത് സഹായിയോടൊപ്പം

മൃതദേഹത്തിന് അടുത്ത് നിന്നും കണ്ടെത്തിയത് മദ്യക്കുപ്പിയും പെട്രോൾകന്നാസും

ഫെബ്രുവരി എട്ടു മുതൽ കാണാതായതായി കാട്ടി പരാതി