വടക്കാഞ്ചേരി: ഭക്തിയുടെ നിറവിൽ മച്ചാടു് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മാമാങ്കത്തോടനുബന്ധിച്ച് പറ പുറപ്പെട്ടു. അത്താഴപൂജയ്ക്കു് ശേഷം ശ്രീകോവിലിൽ പ്രത്യേക പൂജകൾ നടന്നു. മുഖമണ്ഡപത്തിൽ കുരുത്തോലയും തോരണവും കെട്ടി അലങ്കരിച്ച ശേഷം വിശേഷാൽ ചടങ്ങായ അരിമാവു കൊണ്ടുള്ള അണിച്ചിൽ പൂർത്തിയാക്കി.
ഭഗവതിയുടെ പ്രതിപുരുഷനായി സങ്കല്പിക്കുന്ന ഇളയത് ചിലമ്പും, പട്ടും ഏറ്റുവാങ്ങി പീഠത്തിലിരുന്ന് ഭഗവതിയെ തന്നിലേക്ക് ആവാഹിച്ചു. ശ്രീകോവിലിൽ നിന്നും പുറത്തുകടന്ന ശേഷം കുത്തുവിളക്കിന്റെയും, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങളുടെയും അകമ്പടിയോടെ പാമ്പിൻ കാവിൽ പ്രവേശിച്ചു. വടക്കെനടയിലെ ആലിനെ മൂന്നു തവണ പ്രദക്ഷിണം വച്ച ശേഷം, ക്ഷേത്രം വലം വെച്ച് കിഴക്കേ നടയിലെ പട്ടികജാതി വിഭാഗം കുടുംബത്തിന്റെ ആദ്യ പറ കൈക്കൊണ്ടു.
പിന്നീട് വാദ്യമറിയിച്ച ശേഷം എടുപ്പന്മാരുടെ തോളിലേറി പനങ്ങാട്ടുകര കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെത്തി വാദ്യമറിയിച്ചു. ആണ്ടിലൊരിക്കൽ ഊരു ചുറ്റുന്നതിനായി പോകുന്ന തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം കാത്തുകൊള്ളാൻ കാർത്ത്യായനി ഭഗവതിയോട് നിർദ്ദേശിക്കുമെന്നാണ് സങ്കല്പം. മാമാങ്കം കഴിയുന്ന ദിവസം വരെ ജാതി മതഭേദമന്യേ ആയിരക്കണക്കിന് വീടുകളിലെ പറയെടുക്കും.