തൃശൂർ : മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയും വൃത്തിഹീനമായ സാഹചര്യങ്ങളും സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ലഭിച്ച പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കഴമ്പുണ്ടെന്ന് മനസിലായ സാഹചര്യത്തിൽ മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിപൂർണ്ണമായി പരിഹരിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഇന്ത്യൻ കോഫി ഹൗസ് അധികൃതർക്ക് നിർദ്ദേശം നൽകി. മൂന്ന് ദിവസത്തിന് ശേഷം തുടർ പരിശോധനകളുണ്ടാവും. അനുകൂല സാഹചര്യങ്ങളല്ലെങ്കിൽ കർശന നടപടി കൈക്കൊളളും. നിത്യവും രണ്ടായിരത്തിലേറെ പേരാണ് ഭക്ഷണത്തിനായി മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫി ഹൗസിനെ ആശ്രയിക്കുന്നത്. കോളേജിൽ നിലവിൽ മറ്റ് കാന്റീൻ സൗകര്യം ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടർ മൂന്നു ദിവസം സമയമനുവദിച്ചത്. അടുത്തിടെയായി മെഡിക്കൽ കോളേജിൽ ഇന്ത്യൻ കോഫി ഹൗസിനെ കുറിച്ച് ധാരാളം പരാതികൾ ജില്ലാ കളക്ടർക്ക് ലഭിച്ച സാഹചര്യത്തിലാണ് നടപടി.