ഗുരുവായൂർ: ഗുരുവായൂർ ഗീത സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ ഗീതാമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിൽ ഭഗവത്ഗീതയും ജ്ഞാനപ്പാന പാരയണവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴിനു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബദരീനാഥ് റവൽജി ഈശ്വരൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, യജ്ഞാചാര്യൻ കെ.ആർ.എ നാരായണൻ എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ പാരായണ സമിതികളിലെ ആയിരത്തിലേറെ പേർ സമ്പൂർണ പാരായണത്തിൽ അണി നിരക്കും. ഭഗവത് ഗീതയുടെ 15-ാം അദ്ധ്യായത്തിന്റെ പാരായണത്തിന് നേതൃത്വം നൽകുന്നത് പാലക്കാട് വ്യാസ വിദ്യാ പീഠത്തിലെ വിദ്യാർത്ഥികളാണ്. പാരായണം ഉച്ചയ്ക്കു സമാപിക്കും. സത്സംഗ സമിതി കൺവീനർ കണ്ണൻ സ്വാമി, ആർ. നാരായണൻ, ബാലൻ വാറണാട്ട്, മോഹൻദാസ് ചേലനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.