തൃശൂർ : ആന്ധ്ര, തമിഴ്‌നാട്, കർണ്ണാടക, ഒറീസ തുടങ്ങി സംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നു. ട്രെയിൻ, ആഡംബര കാറുകൾ, ചരക്ക് ലോറി എന്നീ വാഹനങ്ങളിലൂടെയാണ് കഞ്ചാവ് കടത്തുന്നത്. ഓരോ ട്രിപ്പിനും അമ്പത് മുതൽ നൂറു കിലോ വരെയാണ് കഞ്ചാവ് കടത്തുന്നത്. കേരളത്തിലെത്തുന്ന കഞ്ചാവ് ഗുണ്ടാ മാഫിയ സംഘങ്ങളുടെ നേതൃത്വത്തിലാണ് കൂടുതലും വിൽക്കുന്നതെന്ന് എക്‌സൈസ് അധികൃതർ പറയുന്നു. എതാനും നാളായി യുവാക്കളായ ചരക്കു ലോറി ഡ്രൈവർമാർ ഇതിൽ കണ്ണികളായി പ്രവർത്തിക്കുന്നുണ്ട്. ചരക്ക് ലോറിയിൽ സാധനം കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്തുന്നത്. ലോഡ് എത്തിയാൽ പല പല ആളുകളിലേക്ക് അന്ന് തന്നെ കൈമാറും. ബാക്കി ഒറ്റപ്പെട്ട വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ സൂക്ഷിച്ചു വയ്ക്കും. സ്‌കൂൾ, കോളേജ് തലങ്ങളിലെ വിദ്യാത്ഥികൾക്കും യുവാക്കൾക്കുമിടയിൽ കഞ്ചാവ്, പാൻമസാല ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നതായി ഏക്‌സൈസിന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയത്.

കഞ്ചാവ് എത്തുന്നത് നക്‌സലൈറ്റ് മേഖലയിൽ നിന്ന്

ആന്ധ്രപ്രദേശിലെ നക്‌സൽ സ്വാധീന മേഖലയായ രാജമുന്ദ്രി പ്രദേശത്ത് വൻ തോതിൽ നട്ടു വളർത്തുന്ന കഞ്ചാവ് ജീപ്പുകളിൽ എത്തിച്ചാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ഗ്രാമപ്രദേശമായ ഇവിടേക്ക് ഏഴ് കിലോമീറ്റർ ദൂരം യാത്രയുണ്ട്. നക്‌സലൈറ്റുകളുടെ പ്രധാന വരുമാന സ്രോതസാണ് കഞ്ചാവ്. ആന്ധ്ര പൊലീസിന് പോലും ഇവിടെ കടന്നു ചെല്ലാൻ സാധിക്കാത്ത അവസ്ഥയാണ്.

6 മാസത്തിനുള്ളിൽ ജില്ലയിലെ കേസുകൾ

ആകെ കേസ് 270
അറസ്റ്റ് ചെയ്തത് 268
പിടിച്ചെടുത്ത കഞ്ചാവ് 338 കിലോ
കഞ്ചാവ് ചെടികൾ 18 എണ്ണം
ഹാഷിഷ് ഓയിൽ 24.35 ഗ്രാം
എം.ഡി.എം.എ 3.15 ഗ്രാം
പിടിച്ചെടുത്ത വാഹനങ്ങൾ 18


സംസ്ഥാനത്തെ മറ്റ് പ്രധാന കഞ്ചാവ് കേസുകൾ

പാലക്കാട് വ്യത്യസ്ത കേസുകളിലായി 30 കിലോ
ചങ്ങനാശേരി 1.75
കുമളി വഴി കടത്തിയത് 6
ഗോവിന്ദാപുരം 4
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 26

..................

കേരളത്തിലേക്ക് വൻ തോതിൽ വരുന്ന കഞ്ചാവും മയക്കു മരുന്ന് കടത്തും തടയിടുന്നതിനുമായി കർശന നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഇന്നലെ വാണിയമ്പാറയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

വി.എ. സലീം, (അസി. എക്‌സൈസ് കമ്മിഷണർ)