ഗുരുവായൂർ: ഗുരുവായൂർ പരമനാഭന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി. കഴിഞ്ഞ ദിവസം പത്മനാഭന്റെ ശരീരത്തിൽ നീര് കണ്ടതിനെ തുടർന്ന് ദേവസ്വം ജീവനധനം വിദഗ്ദ്ധ സമിതി അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെന്ന് യോഗത്തിൽ വിദഗ്ദ്ധർ അറിയിച്ചു. ആന ഭക്ഷണവും വെള്ളവും കഴിക്കാൻ ആരംഭിച്ചതും, എരണ്ട സാധാരണ നിലയിലേക്ക് മാറിയതും പുരോഗതിയുടെ ലക്ഷണങ്ങളായി യോഗം വിലയിരുത്തി.
ആന്റിബയോട്ടിക്, ഗ്ലൂക്കോസ്, അനുബന്ധ ആയുർവേദ ചികിത്സാരീതികളും തുടരാനും ലബോറട്ടറി പരിശോധനയിലൂടെ നിത്യേന ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും സമിതി നിർദ്ദേശിച്ചു. ആനയുടെ കഴുത്തിൽ നീർവീക്കം താരതമ്യേന കുറഞ്ഞത് ശുഭലക്ഷണമാണ്. ആനയുടെ പരിപാലനത്തിനും ആരോഗ്യരക്ഷയ്ക്കുമായി ആറുമണിക്കൂർ കൂടുമ്പോൾ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. എല്ലാ ദിവസവും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആവശ്യമെന്നു കണ്ടാൽ ആസാമിൽ നിന്നുള്ള വിദഗ്ദ്ധ വെറ്ററിനറി സർജൻ ഡോ . കുനാൽ ശർമയുടെ സേവനം ദേവസ്വം തേടും. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണസമിതി അംഗം കെ. അജിത്ത്, വിദഗ്ദ്ധ സമിതി അംഗങ്ങളായ ഡോ. ഗിരിദാസ്, ഡോ. രാജീവ്, ഡോ. കെ. വിവേക്, ഡോ. ദേവൻ നമ്പൂതിരി, ഡോ. വേണുഗോപാൽ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എസ്. ശശിധരൻ, അസിസ്റ്റന്റ് മാനേജർ കെ.ടി. ഹരിദാസ് എന്നിവർ പങ്കെടുത്തു.