ഇരിങ്ങാലക്കുട : കഞ്ചാവുമായി ആഡംബര കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് യുവാക്കൾ ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായി. ബൈക്ക് മോഷണം നടത്തി കഞ്ചാവ് വാങ്ങിയിരുന്ന രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് മോഷ്ടിച്ച ബൈക്ക് വാങ്ങിയ ആളെ അന്വേഷിച്ചു പോയ പൊലീസ് സംഘത്തിന്റെ കൈയിൽ കഞ്ചാവ് വിതരണ ശൃംഖലയുടെ കണ്ണികളായ യുവാക്കൾ അകപ്പെടുകയായിരുന്നു.
അരിപ്പാലം സ്വദേശി നടുവത്ത് പറമ്പിൽ സന്തോഷ് (18), മൂർക്കനാട് കറുത്തപറമ്പിൽ അനുമോദ് മോഹൻദാസ് (19), കാറളം ചീരോത്ത് വിജീഷ് മോഹൻ (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ റോഡിൽ നിന്നുമാണ് പ്രതികൾ പൊലീസ് പിടിയിലായത്. പ്രതികളിൽ വിനുവിനെ അഞ്ചു കിലോ കഞ്ചാവുമായി മുൻപ് പാലക്കാട് വെച്ച് പിടിച്ചിട്ടുണ്ട്.
അനുമോദിന് വധശ്രമക്കേസടക്കം, ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ കെ.എസ് സുബിന്ത്, ശ്രീനിവാസൻ, എ.എസ്.ഐമാരായ ജോസി ജോസ്, ജെയ്‌സൺ, പൊലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഫൈസൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സഘത്തിൽ ഉണ്ടായിരുന്നത്.