sunilkumar

തൃശൂർ: നെൽക്കൃഷിക്ക് റോയൽറ്റി നൽകുന്നത് പാരിസ്ഥിതിക മൂല്യം കൂടി കണക്കിലെടുത്താണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ -മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ നടപ്പിലാക്കുന്ന നീർച്ചാൽ സംരക്ഷണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒരു സെന്റിൽ നെൽക്കൃഷി ചെയ്യുമ്പോൾ 1.45 ലക്ഷം ലിറ്റർ വെളളം ഭൂമിയിൽ സംഭരിക്കുന്നുവെന്നാണ് കണക്ക്. ഇത് കണക്കിലെടുത്താണ് നെൽക്കർഷകർക്ക് സർക്കാർ റോയൽറ്റി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ആദ്യമായി നെൽക്കർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്.

ഒരു കിലോ നെല്ലിന് 26.90 രൂപ നൽകിയാണ് ഇപ്പോൾ സംഭരിക്കുന്നത്. വിയ്യൂർ സെന്റർ ജയിലിലെ 64 ഹെക്ടർ സ്ഥലത്ത് നടത്തിയ മണ്ണ് പരിശോധന റിപ്പോർട്ട് മന്ത്രി വി.എസ്. സുനിൽകുമാർ പ്രകാശനം ചെയ്തു. അസി. ജയിൽ ഓഫീസർ സി.പി. വിനോദ് ഏറ്റുവാങ്ങി.