തൃശൂർ: നെൽക്കൃഷിക്ക് റോയൽറ്റി നൽകുന്നത് പാരിസ്ഥിതിക മൂല്യം കൂടി കണക്കിലെടുത്താണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. തൃശൂരിൽ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ പാടശേഖരങ്ങളിൽ നടപ്പിലാക്കുന്ന നീർച്ചാൽ സംരക്ഷണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒരു സെന്റിൽ നെൽക്കൃഷി ചെയ്യുമ്പോൾ 1.45 ലക്ഷം ലിറ്റർ വെളളം ഭൂമിയിൽ സംഭരിക്കുന്നുവെന്നാണ് കണക്ക്. ഇത് കണക്കിലെടുത്താണ് നെൽക്കർഷകർക്ക് സർക്കാർ റോയൽറ്റി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ആദ്യമായി നെൽക്കർഷകർക്ക് ഹെക്ടറിന് രണ്ടായിരം രൂപ റോയൽറ്റി പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്.

വരുംതലമുറയ്ക്കുളള ഈടുവയ്പ്പാണ് നീർച്ചാലുകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും സംരക്ഷണത്തിലൂടെ നാം ചെയ്യുന്നത്. ഒരിഞ്ച് പാടം പോലും നികത്താൻ ആരെയും അനുവദിക്കില്ല. നെൽകൃഷിയെ ലാഭത്തിലാക്കാനും കൃഷി വകുപ്പിന് കഴിഞ്ഞു. ഒരു കിലോ നെല്ലിന് 26.90 രൂപ നൽകിയാണ് ഇപ്പോൾ സംഭരിക്കുന്നത്.
വിയ്യൂർ സെന്റർ ജയിലിലെ 64 ഹെക്ടർ സ്ഥലത്ത് നടത്തിയ മണ്ണ് പരിശോധനാ സ്ഥലത്തിന്റെ റിപ്പോർട്ട് മന്ത്രി വി.എസ് സുനിൽകുമാർ പ്രകാശനം ചെയ്തു. അസി. ജയിൽ ഓഫീസർ സി.പി വിനോദ് ഏറ്റുവാങ്ങി. മുക്കാട്ടുക്കര ചിരടംപ്പാലത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്. അംബിക, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, തൃശൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എം.എൽ റോസി, കൗൺസിലർമാരായ എം.ആർ റോസ്‌ലി, ശാന്ത അപ്പു തുടങ്ങിയവർ സംബന്ധിച്ചു.

രണ്ടാം ഘട്ട പദ്ധതി ഇങ്ങനെ

ടെൻഡർ ചെയ്തത് 4.38 കോടി

കുറ്റുമുക്ക്, മുല്ലക്കര, മുക്കാട്ടുക്കര, നെല്ലങ്കര, നെട്ടിശ്ശേരി, നെല്ലിക്കാട്, കൂടാപാടം, കോട്ടോംപാടം, പാറേകുളം, വടക്കേപാടം പാടശേഖരങ്ങൾക്ക് പ്രയോജനം.
300 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി അധികമായി ചെയ്യാം

1500 ടൺ നെല്ല് കൂടുതൽ ഉത്പാദിപ്പിക്കാം

50 ടൺ പച്ചക്കറി ഉത്പാദിപ്പിക്കാം

500 കർഷകർക്ക് 125000 തൊഴിൽദിനങ്ങൾ പ്രദാനം ചെയ്യാം