ആമ്പല്ലൂർ: ആമ്പല്ലൂർ കള്ളായി റോഡിന്റെ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അദ്ധ്യക്ഷയായി സർവകക്ഷി വികസന സമിതി രൂപീകരിച്ചുള്ള പ്രവർത്തനം മാതൃകയായി. സി.പി.എം, സി.പി.ഐ, ബി.ജെ.പി. എന്നീ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ നേതൃത്വത്തിൽ രാഷ്ട്രീയം മാറ്റി വച്ച് ഒത്തൊരുമയോടെയാണ് പ്രവർത്തനം നടത്തിയത്.
സമിതിയുടെ ഇടപെടലിൽ സുറായി പള്ളി അധികൃതരും, ശ്രീകൃഷ്ണ ക്ഷേത്രം അധികൃതരും സ്ഥലം നൽകി സഹകരിച്ചു. റോഡിന് ഇരുവശത്തുമുള്ള താമസക്കാരെ റോഡ് വികസനത്തിന്റെ ആവശ്യം ബോധിപ്പിച്ച് സഹകരിപ്പിക്കാനും, മതിലുകൾ പൊളിച്ച് സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത് നാട്ടുകാരെ സഹകരിപ്പിക്കാനുമായതാണ് സമിതിയുടെ പ്രവർത്തനത്തിന്റെ വിജയം. അളഗപ്പനഗർ പഞ്ചായത്ത് പരിധിയിൽ റോഡ് ഒമ്പത് മീറ്റർ വീതിയിലും വളവുകളിൽ 10 മീറ്റർ വീതിയിലും സ്ഥലം വിട്ടുനൽകാൻ നാട്ടുകാർ തയ്യാറായി.
വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തുക അനുവദിച്ചതും റോഡ് വികസനത്തിന് ആക്കം കൂട്ടി. മാതൃകയായ റോഡ് വികസനത്തിന് സഹായം നൽകി സഹകരിച്ച മുഴുവൻ പേർക്കും സമിതി നന്ദി അറിയിച്ചു. പ്രസിഡന്റ് കെ. രാജേശ്വരി, പ്രതിനിധികളായ ഷാജി മഠത്തിൽ, സജീവ് ആറ്റൂർ, കെ.കെ ഹരിദാസ്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവരാണ് നന്ദി അറിയിച്ചത്.