മണ്ണുത്തി : വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവും കൗൺസലിലെ സി.പി.എം കോൺഗ്രസ് അംഗങ്ങളും തമ്മിലുള്ള കടുത്ത വാക്കേറ്റം കാരണം കാർഷിക സർവകലാശാലാ ജനറൽ കൗൺസിൽ യോഗം അലസിപ്പിരിഞ്ഞു. ബഹളത്തിനൊടുവിൽ വി.സി യോഗം കാൻസൽ ചെയ്തതായി പ്രഖ്യാപിച്ചു.
നവംബറിൽ ചേരേണ്ട യോഗം നിസാര കാരണങ്ങളുടെ പേരിൽ മൂന്നു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ചേർന്നത്. സർവകലാശാലാ സ്റ്റാറ്റിയൂട്ട് പ്രകാരം നാലു മാസത്തിലൊരിക്കൽ ചേരേണ്ട ജനറൽ കൗൺസിൽ യോഗം ഏഴ് മാസത്തിന് ശേഷം ചേർന്നതിനെ അംഗങ്ങൾ ചോദ്യം ചെയ്തു.
ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന വിസിയെ താക്കീത് ചെയ്യണമെന്ന പ്രമേയം ജനറൽ കൗൺസിലിലെ സി.പി.എം അംഗം കുഞ്ഞഹമ്മദ് കുട്ടി യോഗാരംഭത്തിൽ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് അവതരിപ്പിച്ചു. ഇതിനെ സി.പി.എം കോൺഗ്രസ് അംഗം അനുകൂലിച്ചു.
എന്നാൽ ' താക്കീത് ' എന്ന വാക്ക് ഉപയോഗിക്കുന്നതിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. രാജൻ എം.എൽ.എ എതിർത്തു.
വാണിംഗ് എന്ന വാക്ക് പകരം ഉപയോഗിക്കാമെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞെങ്കിലും വി. സി അംഗീകരിച്ചില്ല. തുടർന്ന് അംഗങ്ങളുടെ ബഹളത്തെ തുടർന്ന് 10 ന് യോഗം 15 മിനിറ്റ് നേരത്തേയ്ക്ക് നിറുത്ത. പുനരാംരംഭിച്ച യോഗം അടിയന്തര പ്രമേയാവതരണത്തെ തുടർന്ന് വീണ്ടും ബഹ ളത്തിൽ കലാശിച്ചു. ഖേലോ ഇന്ത്യയ്ക്ക് കേരളാ ടീമിന്റെ ചീഫായി ആസാമിൽ പോയതിന്റെ പേരിൽ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയ ഡോ. ടി. ഐ മനോജിനെ തത്സ്ഥാനത്തു തിരികെ നിയമിക്കണമെന്ന് സി.പി.എം അദ്ധ്യാപക സംഘടനാ നേതാവ് ഡോ. ബി. സുമ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മനോജിനെതിരെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ആവശ്യം അംഗീകരിക്കാനാവില്ലെന്നും വി. സി നിലപാടെടുത്തതോടെ ബഹളമായി. തുടർന്ന് യോഗം റദ്ദാക്കിയതായി വി.സി പ്രഖ്യാപിച്ചു. സർക്കാർ തീരുമാനപ്രകാരം നടപ്പാക്കുന്ന സർവകലാശാലാ ജീവനക്കാരുടെ ഇന്റർ യൂണിവേഴ്‌സിറ്റി ട്രാൻസ്ഫർ വി.സി അട്ടിമറിച്ചതിനെയും അംഗങ്ങൾ വിമർശിച്ചു. മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വിളിച്ചാൽ ഫോണെടുക്കുമെന്നും എന്നാൽ കാർഷിക സർവകലാശാലാ വൈസ് ചാൻസലറെ വിളിച്ചാൽ ഫോണെടുക്കില്ലെന്നും എം.എൽ.എ എം. വിൻസന്റ് ആരോപിച്ചു. കേരളത്തിലെ കർഷകരെ തഴഞ്ഞ് പൊള്ളാച്ചിയിൽ നിന്നും വിത്തു തേങ്ങ വാങ്ങിയത് അന്വേഷിക്കണമെന്ന് ഡോ. തോമസ് ജോർജ്ജ് ആവശ്യപ്പെട്ടു. അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന 38 ചോദ്യങ്ങളിൽ ആറെണ്ണം മാത്രമാണ് ചർച്ചയ്‌ക്കെടുത്തത്. വിദ്യാർത്ഥികളുടെ ഡിഗ്രികൾക്ക് അംഗീകാരം നൽകുന്ന പ്രമേയം അംഗീകാരത്തിനെടുത്തില്ല. 2019 നവംബർ 23നാണ് യോഗം ചേരേണ്ടിയിരുന്നത്. അത് പിന്നീട് ഡിസംബറിലേക്കും ജനുവരിയിലേക്കും ഫെബ്രുവരി 15ലേക്കും മാറ്റുകയായിരുന്നു.