പാവറട്ടി: ദേശീയപാത 66നേയും ചാവക്കാട് ഏനാമ്മാവ് റോഡിനേയും ബന്ധിപ്പിക്കുന്ന മുല്ലശ്ശേരി അഞ്ചാംകല്ല് റോഡിൽ മുല്ലശ്ശേരി മുതൽ പുളിക്കടവ് വരെ റോഡ് അടിത്തറ ഇളകി യാത്ര ദുരിതത്തിലായി. അധികൃതർ അറ്റകുറ്റപണി പോലും നടത്താത്തതാണ് യാത്രാദുരിതം ഏറാനിടയാക്കിയത്.

മുല്ലശ്ശേരി കാരായി റോഡ് മുതൽ നൂറ്റമ്പത് മീറ്റർ നീളത്തിൽ കാനയും വെള്ളം ഒഴുകി പോകുന്ന പാടത്തുള്ള കൽവർട്ടും പണി പൂർത്തിയാക്കാതെ കരാറുകാരൻ ഉപേക്ഷിച്ചു പോയി. ബസ് സർവീസ് ഉൾപ്പടെ വിദ്യാർത്ഥികളെ കൊണ്ടു പോകുന്നതടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. അപകടവും പതിവായി. പാടൂർ കമ്യൂണിറ്റി ഹാൾ, കൈതമുക്ക് പരിസരത്തും റോഡ് തകർന്ന് കിടക്കുകയാണ്. ബിഎം ആൻഡ് ബിസി നിലയിൽ പണി നടത്താൻ കരാർ നൽകിയെങ്കിലും ലെവൽ എടുത്തിട്ടും പണി നടത്തുന്നില്ല. മഴക്കാലമായാൽ മുട്ടിനൊപ്പം വെള്ളം കെട്ടി നിൽക്കുന്ന ഇടമാണിവിടെ. പല പ്രധാനമായ കാനയും കാരായി റോഡ് വരെയില്ല.
കരുവന്തല ചക്കംകണ്ടം റോഡിൽ പൊന്നാംകുളം മുതൽ കരുവന്തല വരെ രണ്ടാം റീച്ച് ബിഎം ആൻഡ് ബിസി രീതിയിൽ പണി ചെയ്യാൻ ടെണ്ടർ നടന്നെങ്കിലും ഇടിയഞ്ചിറ പാലം മുതൽ കരുവന്തല വരെ റോഡ് അടിത്തറ ഇളകി യാത്ര ദുസഹമായി. ഏറെ തിരക്കുള്ള തീരദേശ റോഡാണിത്. ഫല പ്രദമായ കാനയും ഈ റോഡിലില്ല. തൊയക്കാവ് തണ്ണളം തോട് പാലത്തിനരിക് തകർന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുന്നത് അപകട ഭീതിയിലാണ്. ഇടിയഞ്ചിറ, പാടൂർ, സാരഥി പടി, സി.പി സെന്റർ, തൊയക്കവ് വടക്കേ പള്ളി, ഹാഷ്മി റോഡ് പരിസരം, കോടമുക്ക് സ്‌കൂൾ, കാളിയാമാക്കൽ, മുനമ്പ് റോഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്ന് കിടക്കുകയാണ്.

............................

പരാതി നൽകി

വെങ്കിടങ്ങ് പഞ്ചായത്തിലൂടെയാണ് രണ്ട് റോഡും കടന്ന് പോകുന്നത്. രണ്ട് റോഡിന്റെ കാര്യത്തിലും താലൂക്ക് വികസന സമിതി യോഗത്തിൽ വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ മൂന്ന് മാസങ്ങൾക്ക് മുമ്പ് പരാതി ഉന്നയിച്ചിരുന്നു. നാളിതുവരെ പരിഹാരമില്ലാത്തതിനാൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പരാതി നൽകിയിട്ടുണ്ട്.