ambuteam

മാർക്കറ്റ് അമ്പിന്റെ സംഘാടകർ

ചാലക്കുടി: അരനൂറ്റാണ്ട് പിന്നിടുന്ന മാർക്കറ്റ് അമ്പ് ഇന്ന് ചാലക്കുടിക്കാർക്ക് ആവേശവും ആഘോഷവുമാണ്. കച്ചവടക്കാരായ പതിനഞ്ചോളം പേർ ചേർന്ന് 1970ലാണ് ചന്തയിലെ അമ്പിന് തുടക്കം കുറിച്ചത്. മിവർവ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന എട്ടാമിടത്തിന്റെ പ്രദക്ഷിണത്തിന് കൊഴുപ്പുകൂട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഒരുക്കിയ ബാന്റ് മേളം രണ്ടുവർഷം എട്ടാമിട പ്രദക്ഷണത്തിന്റെ ഭാഗമായി. തുടർ വർഷങ്ങളിൽ കച്ചവടക്കാരുടെ കൂട്ടായ്മയുടെ രൂപവും ഭാവും മാറി. കൂടുതൽ കച്ചവടക്കാർ ആഘോഷത്തിന്റെ ഭാഗമായി. ആദ്യവർഷങ്ങളിൽ മരച്ചീനി തണ്ടിനാൽ കപ്പേള ഒരുക്കിയതെല്ലാം ഇന്നും ഇവരുടെ ഓർമ്മകളിൽ ജ്വലിക്കുന്ന മെഴുകിതിരികളാണ്.

ഇന്ന് ആഘോഷം ഡിജിറ്റൽ സംവിധാനത്തിലേക്ക് വഴിമാറി. കടലാസ് അരങ്ങുകൾക്കും കുരുത്തോലകൾക്ക് പകരം എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച അലങ്കാരങ്ങൾ സ്ഥാനം പിടിച്ചു. ലക്ഷങ്ങൾ ചെലവു വരുന്ന ഗാനമേളയുമെല്ലാം ഇപ്പോൾ മാർക്കറ്റ് അമ്പിന്റെ ആകർഷണമാണ്. ഓരോ വർഷവും ആഘോഷ പൊലിമയും സൗഹൃദവും കൂട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. 1970ൽ കച്ചവടക്കാരുടെ അമ്പിന് തുടക്കമിട്ട സംഘത്തിലെ പലരും ഇന്ന് ഓർമ്മകളിലേയ്ക്ക് ചേക്കേറി. തുടക്കക്കാരായ പി.ഡി. തോമസ്, കെ.വൈ. മുഹമ്മദ് എന്നിവർ ഇന്നും ആഘോഷത്തിന്റെ ചുക്കാൻ പിടിച്ച് മുൻനിരയിലുണ്ട്. മത സൗഹാർദ്ദത്തിന് മറ്റൊരു ഉദാഹരണം കൂടിയാണ് ചാലക്കുടിയിലെ മാർക്കറ്റ് അമ്പ്.