വളഞ്ഞൂപ്പാടത്ത് മെറ്റൽ ക്രഷറിന്റെ നവീകരണത്തിന് പഞ്ചായത്ത് അധികൃതർ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് നാട്ടുകാർ പുതുക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ.
പുതുക്കാട്: വളഞ്ഞുപ്പാടത്ത് മെറ്റൽ ക്രഷറിന്റെ നവീകരണത്തിന് പഞ്ചായത്ത് അധികൃതർ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് നാട്ടുകാർ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ, മരട് ഫ്‌ളാറ്റ് നിയമസംരക്ഷണ പ്രവർത്തകൻ എ.വി. ആന്റണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.ജി. ലിബിൻ അദ്ധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിഷയ സമിതി കൺവീനർ ടി.വി. വിശ്വംഭരൻ, ജില്ലാ കമ്മിറ്റിയംഗം കെ.കെ. അനീഷ്‌കുമാർ, യൂണിറ്റ് ഭാരവാഹികളായ വി.ആർ. രബീഷ്, വി.എ. ലിന്റോ, എ.സി. സുഭീഷ് എന്നിവർ പ്രസംഗിച്ചു.
ഒരു കിലോ മീറ്റർ ചുറ്റളവിൽ നാല് ക്രഷറുകളാണ് വളഞ്ഞൂപ്പാടം മേഖലയിലുള്ളത്. ക്രഷർ മൂലം ഉണ്ടായിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ അടിയന്തര നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണമെന്നും ക്രഷറിലെ അനധികൃത നിർമ്മാണം നിറുത്തിവെക്കാനും ക്രഷർ യൂണിറ്റിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.