gireesh
അറസ്റ്റിലായ ഗിരീഷ്

ചാലക്കുടി: കണ്ണംകുഴിയിൽ ജലനിധിയുടെ പമ്പ് ഓപറേറ്ററെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തും സമീപവാസിയുമായ യുവാവ് അറസ്റ്റിൽ. ഏറാൻ വീട്ടിൽ ഗീരീഷിനെയാണ് (32) ഡിവൈ.എസ്.പി സി.ആർ സന്തോഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പുഴകടന്ന് രക്ഷപ്പെട്ട ഗീരീഷ് ശനിയാഴ്ച രാവിലെ അഞ്ചരയ്ക്കാണ് പൊലീസിന്റെ വലയിലായത്.

അയ്യമ്പുഴയിലെ പാണ്ടുപാറ ഭാഗത്ത് കാട്ടിൽ ഒരു ദിവസം ഒളിച്ചുകഴിഞ്ഞ യുവാവ് അവശനായപ്പോഴാണ് തിരിച്ചെത്താൻ ശ്രമിച്ചത്. പുഴ നീന്തിവന്ന ഗിരീഷിനെ ഇക്കരെ തുരുത്തിൽ ഉറക്കമൊഴിച്ച് കാത്തിരുന്ന പൊലീസ് സംഘം വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. എസ്.ഐ പി.ഡി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട പ്രദീപും ഗിരീഷുമായി വ്യാഴാഴ്ച അടിപിടി നടന്നിരുന്നു. കരാത്തെ ബ്ലാക്ക് ബെൽറ്റായ പ്രദീപും മംഗലത്ത് സുബ്രൻ എന്നയാളും ചേർന്ന് ഗിരീഷിനെ മാരകമായി മർദ്ദിച്ചു.

പ്രദീപിന്റെ അടിയേറ്റ് തന്റെ ഒരു കണ്ണ് കലങ്ങിയെന്നും ഗിരീഷ് പറഞ്ഞു. ഇതിന്റെ പ്രതികാരത്താലാണ് കൊലപാതകമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പുലർച്ചെ ഒന്നര വരെ പുഴത്തീരത്ത് കാത്തിരുന്ന യുവാവ്, വെള്ളം പമ്പു ചെയ്യാനെത്തിയ പ്രദീപിന്റെ നേരെ പാഞ്ഞടുത്ത് വാക്കത്തിക്ക് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പമ്പു ഹൗസ് പരിസരത്ത് സിനിമാ ഷൂട്ടിംഗിന് എത്തിയവർ മലമൂത്ര വിസർജ്ജനം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഗരീഷ് ജലനിധിയുടെ സെക്രട്ടറി കൂടിയായ പ്രദീപിനെ സമീപിച്ചത്. തുടർന്ന് വാക്കേറ്റമായി. ഇതിതിനിടെ പ്രസിഡന്റ് സുബ്രനും സ്ഥലത്തെത്തി. ക്രൂരമായി മർദ്ദനമേറ്റതിൽ ക്ഷുഭിതനായ ഗീരീഷ് ഇവിടെ വച്ചുതന്നെ പ്രദീപിന് നേരെ വധഭീഷണി മുഴക്കി. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.