തൃശൂർ: മൂന്ന് പതിറ്റാണ്ടുകാലം ഹാസ്യാനുകരണത്തിൻ്റെ മേമ്പൊടിയോടെ രാഷ്ട്രീയത്തെയും സാഹിത്യത്തെയും സിനിമയെയുമെല്ലാം തലോടുകയും വിമർശിക്കുകയും ചെയ്ത ജയരാജ് വാരിയർക്ക് കലാ, രാഷ്ട്രീയ, സാഹിത്യലോകത്തിൻ്റെ സ്നേഹാദരം. പാട്ടുപാടിയും പഴയകാല ഓർമ്മകൾ പങ്കിട്ടും ആശംസകൾ നേർന്നും തമാശ പറഞ്ഞും അവർ കാരിക്കേച്ചർ അവതരണത്തിൻ്റെ മുപ്പതാം വാർഷികം 'ജയരാജകീയം' ആഘോഷമാക്കി.
ചീഫ് വിപ് കെ. രാജൻ, എം.പി അബ്ദുസമദ് സമദാനി, സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ, വിദ്യാധരൻ മാസ്റ്റർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ. മോഹൻദാസ്, പ്രൊഫ.എം. മാധവൻകുട്ടി, ജയപ്രകാശ് കുളൂർ, വി.കെ. മാധവൻകുട്ടി, ഡോ.എൻ .ആർ. ഗ്രാമപ്രകാശ്, രാവുണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, പി.എ. കുര്യാക്കോസ്, എം.കെ. കൃഷ്ണകുമാർ, എൻ. ശ്രീകുമാർ, നന്ദകിഷോർ, ആർട്ടിസ്റ്റ് നന്ദൻപിളള തുടങ്ങിയവർ ഓർമ്മകൾ പങ്കിടാനെത്തി. അദ്ദേഹവുമായുളള അഭിമുഖവും പ്രദർശിപ്പിച്ചു. ചിരിയോടൊപ്പം ചിന്തയും ചേർത്ത് ഒരുക്കുന്ന കാരിക്കേച്ചർ ഷോ 1990ലാണ് തുടങ്ങുന്നത്. 1984ൽ നാടകരംഗത്തെത്തിയ ശേഷം അരങ്ങിൽ നിന്ന് കിട്ടിയ അനുഭവങ്ങളായിരുന്നു കാരിക്കേച്ചറിലേക്കെത്തിച്ചതെന്ന് ജയരാജ് വാരിയർ ഓർത്തെടുത്തു. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളാണ് പിന്നിട്ടത്. സുകുമാർ അഴീക്കോടിനെയാണ് ഏറ്റവും കൂടുതൽ വേദികളിൽ അദ്ദേഹം അനുകരിച്ചിട്ടുള്ളത്. 45 ഓളം സിനിമകളിൽ അഭിനയിച്ചു. ഭാര്യ ഉഷാ വാരിയർ, മകളും ഗായികയുമായ ഇന്ദുലേഖാ വാരിയർ എന്നിവരും ചടങ്ങിനെത്തി.