ചാലക്കുടി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പേരെ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് അറസ്റ്റ് ചെയ്തു. ഞെള്ളൂർ സ്വദേശിയും രണ്ടു കുട്ടികളുടെ അമ്മയുമായ ശിശിര (22) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് ഞെള്ളൂർ അനന്തപുരത്ത് വീട്ടിൽ ശ്രാവൺ (26), യുവാവിന്റെ അമ്മ രതി (55) എന്നിവർ അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി പതിനേഴിനായിരുന്നു സംഭവം. വിവാഹത്തിന് ശേഷം ഭർത്തൃവീട്ടിൽ നാലു വർഷത്തോളം താമസിച്ച യുവതി മരണപ്പെടുന്നതിന് മുമ്പ് ഭർത്താവിനും മാതാവിനും എതിരെ അയച്ച ഒരു സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. കേസിന്റെ പ്രാധാന്യം മനസിലാക്കി അന്വേഷണം ചാലക്കുടി ഡിവൈ.എസ്.പി ഏറ്റെടുക്കുകയായിരുന്നു. വെള്ളിക്കുളങ്ങര മോനടിയിൽ ഒരു ബന്ധു വീട്ടിൽ നിന്നും ഇവരെ പിടികൂടിയത്.
പുതുക്കാട് എസ്.ഐ സുരേഷ്, കൊരട്ടി എസ്.ഐ ജോൺസൺ, കെ.ജെ എ.എസ്.ഐമാരായ ടി.ബി സുനിൽ കുമാർ, സതീശൻ മടപ്പാട്ടിൽ, വനിത പൊലീസ് ഓഫീസർമാരായ പി.എസ് സുനിത, ഷീബ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.