തൃശൂർ: പരിശോധനകൾ കുറഞ്ഞതോടെ പൊലീസിന്റെയും ഉന്നതരാഷ്ടീയ ബന്ധങ്ങളുടെയും മറവിൽ വ്യാജവൈദ്യന്മാർ വീണ്ടും അരങ്ങുവാഴുന്നു. കൊറോണ പോലുള്ള രോഗങ്ങൾ ഭീഷണി ഉയർത്തുമ്പോഴും വ്യാജവൈദ്യന്മാർക്കെതിരെയുള്ള പരിശോധനകൾ നടക്കാത്തതിലുള്ള പ്രതിഷേധവും ശക്തമാണ്. പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചും വ്യാജവൈദ്യന്മാർ നിയമനടപടികളിൽ നിന്ന് ഒഴിവാകാറുണ്ടെന്നും പറയുന്നു.
പല ക്ലിനിക്കുകൾക്കും സമീപം ആയുർവേദ മരുന്ന് നിർമ്മാണശാലകളും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. റെയ്ഡുകളിൽ ചിലതെല്ലാം പൂട്ടിയെങ്കിലും പേര് മാറ്റി ചികിത്സയും മരുന്ന് വിതരണവും വീണ്ടും അതേ സ്ഥലത്ത് തന്നെ തുടങ്ങി. അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടവരും ചികിത്സ വ്യാപകമാക്കി.
പാരമ്പര്യ വൈദ്യം നല്ല രീതിയിൽ ശാസ്ത്രീയമായി പ്രാക്ടീസ് ചെയ്യുന്നവരുണ്ടെങ്കിലും മരുന്ന് വിതരണക്കാരും ഉഴിച്ചിലുകാരും വരെ ഡോക്ടർമാരാകുന്നുണ്ടെന്നാണ് ആക്ഷേപം. 2018 ഏപ്രിൽ 13 നായിരുന്നു പാരമ്പര്യത്തിന്റെ മറവിലുളള വ്യാജചികിത്സയ്ക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായത്. 14 മാസങ്ങൾക്ക് ശേഷം ജൂൺ 15 ന് അത് നടപ്പാക്കി. റെയ്ഡിൽ 20 വ്യാജവൈദ്യന്മാരാണ് ഒറ്റദിവസം തൃശൂരിൽ മാത്രം പിടിയിലായത്. ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയാണ് മിന്നൽ പരിശോധനയ്ക്ക് ഉത്തരവിട്ടത്. 15 പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് ചികിത്സിച്ചിരുന്നവരാണ് കുടുങ്ങിയത്. എന്നാൽ മറ്റു ജില്ലകളിൽ വ്യാപകമായ റെയ്ഡുണ്ടായില്ല. പിടിയിലായവരിൽ ചിലർ ഒരു മാസത്തോളം റിമാൻഡിലായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ചികിത്സയ്ക്ക് ഇറങ്ങി.
1 പാരമ്പര്യ ചികിത്സകർക്ക് വർഷങ്ങൾക്കു മുമ്പേ ചികിത്സാനുമതി ലഭ്യമാക്കിയത് ബി ക്ലാസ് രജിസ്ട്രേഷനിലൂടെ
2 ചികിത്സ നടത്താൻ അർഹത അംഗീകൃത ബിരുദവും മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുമുള്ളവർക്ക് മാത്രം.
3 പാരമ്പര്യത്തിന്റെ മറവിൽ ആദിവാസി വൈദ്യം, മർമ്മചികിത്സ, കളരി, തിരുമ്മൽ, കപ്പിംഗ് തെറാപ്പി...
പരാതി കിട്ടിയാൽ നടപടി
''ആരോഗ്യമേഖലയിൽ നിരവധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാജവൈദ്യത്തിനെതിരെ കർശന നടപടി സ്വീകരിക്കും. വ്യാജചികിത്സ നടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകിയാൽ, കളക്ടറുടെ ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്താനാകും.''
ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ
മാഫിയ തഴയ്ക്കുന്നു
വ്യാജവൈദ്യം മാഫിയയായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഡി.ജി.പിക്ക് പരാതി നൽകി. നടപടിയെടുക്കുമെന്ന് ഡി.ജി.പി ഉറപ്പു നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും മാസമായി വ്യാജവൈദ്യക്കാർ പതിന്മടങ്ങ് കരുത്തോടെ സജീവമാണെന്നാണ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. നടപടി എടക്കേണ്ട പൊലീസ് അടക്കം വ്യാജവൈദ്യന്മാരുടെ ഇടപാടുകാരാണെന്നും സാമ്പത്തിക ശേഷിയുളള വൻ മാഫിയകളെ തൊടാൻ എല്ലാവരും മടിക്കുകയാണെന്നും അവർ ആരോപിക്കുന്നു..