ഗുരുവായൂർ: തോക്കുകളും തിരകളും കാണാതായ സംഭവത്തിലെ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന അദ്ധ്യക്ഷനായി നിയമിതനായ ശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ അദ്ദേഹം ക്ഷേത്ര ദർശനം കഴിഞ്ഞ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയിൽ തുടങ്ങി പൊലീസിൽ മാത്രം ഒതുങ്ങുന്ന അഴിമതിയല്ലിത്. അഴിമതി പുറത്തുകൊണ്ടുവരുന്നതിനായി ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബി.ജെ.പി. ക്രൈസ്തവ പെൺകുട്ടികളെ ഇസ്ലാംമത തീവ്രവാദികൾ മതംമാറ്റം നടത്തുന്നുവെന്ന് വെളിപ്പെടുത്തിയത് സിറിയയിലെ മതപുരോഹിതരാണ്, ബി.ജെ.പിയല്ല. ബി.ജെ.പി ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ല. മറിച്ചുള്ള പ്രചാരണം ശത്രുപക്ഷം നടത്തുന്ന നട്ടാൽ കുരുക്കാത്ത നുണയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കും പിന്നാലെ നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ നേതൃയോഗം ചേർന്ന് വിശദമായ തയ്യാറെടുപ്പു നടത്തി മുന്നേറും. സാത്വികനായ കുമ്മനം രാജശേഖരനെ പോലും വിലകുറഞ്ഞ സംസ്കാര ശൂന്യമായ ട്രോളുകൾ നിരത്തി കീഴ്പ്പെടുത്താൻ ശ്രമിച്ചവരാണ് സി.പി.എം. പ്രളയ ദുരിതാശ്വാസത്തിനായി സ്വരൂപിച്ച തുക എട്ടു മാസം കഴിഞ്ഞിട്ടും പ്രയോജനപ്പെടുത്താത്തവർ മുതലക്കണ്ണീരൊഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.