coastal-park-sial-sthapan
എടത്തിത്തിരുത്തി പഞ്ചായത്തിലെ ചാമക്കാലയിൽ നിർമ്മിക്കുന്ന തീരദേശ പാർക്കിന്റെ ശിലാസ്ഥാപനം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിൽ ടൂറിസം വികസനത്തിന് തുടക്കം കുറിച്ച് ചാമക്കാലയിൽ തീരദേശ പാർക്ക് വരുന്നു. ഇ.ടി ടൈസൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12.3 ലക്ഷം രൂപ ഉപയോഗിച്ചാണ് പാർക്ക് നിർമ്മിച്ചത്. സഞ്ചാരികൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ഡ്രൈനേജ് സംവിധാനം, ഒത്തുകൂടാനുള്ള ഇടങ്ങൾ, ടോയ്‌ലറ്റുകൾ, മിനി ഹൈമാസ്റ്റ് വിളക്കുകൾ, കുടിവെള്ള സംവിധാനം, അലങ്കാര വിളക്കുകൾ തുടങ്ങിയവയാണ് സൗന്ദര്യവത്കരണത്തിന്റെ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

പദ്ധതി പൂർത്തീകരിച്ച് കഴിഞ്ഞാൽ അടുത്ത ഘട്ടത്തിൽ കുട്ടികൾക്കായുള്ള കളിസ്ഥലവും ഒരുക്കും. തൃശൂർ കോസ്റ്റ്‌ഫോർഡിനാണ് നിർമ്മാണച്ചുമതല. ഒരു വർഷമാണ് കാലാവധി. പദ്ധതി പൂർത്തീകരിക്കുന്നതോടെ എടത്തിരുത്തി പഞ്ചായത്തിലെ ടൂറിസം വികസനത്തിനാണ് ഇതോടെ മാറ്റ് കൂടുക. പാർക്കിന്റെ ശിലാസ്ഥാപനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യാതിഥിയായി. കോസ്റ്റ് ഫോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ശാന്തി ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ ഷെറീന ഹംസ, ഗീത മോഹൻദാസ്, ടി.വി മനോഹരൻ, ലൈല മജീദ്, ഷീന വിശ്വൻ, ഉമറുൽ ഫാറൂഖ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.