തൃശൂർ: ചൂടേറുമ്പോൾ മത്സ്യക്ഷാമം രൂക്ഷമാകുന്നതിനൊപ്പം വിലയും കത്തിക്കയറുന്നു. ചൂട്ടുപൊള്ളുന്ന കടലിൽ കണി കാണാൻ പോലും മത്സ്യങ്ങൾ ഇല്ലാത്ത സാഹചര്യമാണ്. ചൂടിനെ അതിജീവിക്കാനാവാതെ പല മത്സ്യങ്ങളും പലായനം ചെയ്യുന്ന സ്ഥിതിയാണ്. ആസം, ഗുജറാത്ത് അടക്കം തീരങ്ങളിലേക്കാണ് ഇവ നല്ല താവളം തേടി സഞ്ചരിക്കുന്നത്.
സുലഭമായി ലഭിച്ചിരുന്ന ആവോലി വലയിൽ ലഭിച്ചിട്ട് മാസങ്ങളായി. ഈ സീസണിൽ കൂടുതലായി ലഭിക്കുന്ന ഞണ്ട്, കറൂപ്പ്, വാള എന്നിവയും ലഭിക്കുന്നില്ല. വിവിധ തരം വറ്റകളും ചൂടിനെ താങ്ങാനാവാതെ മറ്റു താവളങ്ങൾ തേടിപ്പോകുകയാണ്. കനത്ത ചൂട് കടലിന്റെ ജൈവ വൈവിദ്ധ്യത്തെ ബാധിക്കുന്നതിനൊപ്പം മീനുകളുടെ ആവാസ വ്യവസ്ഥയെയും തകിടം മറിക്കുന്നു. ബോട്ടുകാർക്ക് ലഭിക്കുന്ന മീനാണ് ഏക ആശ്രയം. ജില്ലയുടെ അതിർത്തിയിലുള്ള എറണാകുളം ജില്ലയിലെ പള്ളിപ്പുറം, മുനമ്പം തീരങ്ങളിൽ നിന്നാണ് ജില്ലയിലെ മത്സ്യ മാർക്കറ്റുകളിൽ മീനെത്തുന്നത്. സാധാരണക്കാരുടെ സ്വന്തം മീനായ മത്തി 200 മുതൽ 240 രൂപ വരെയാണ് വില. അതുതന്നെ കടലിൽ കിട്ടാനില്ല. പലവകയ്ക്കാണ് ഏറ്റവും കുറവ് വില. നേരത്തെ കിലോക്ക് 100 രൂപയുണ്ടായിരുന്ന വില 150ൽ എത്തി. ബോട്ടുകാർ കൊണ്ടുവരുന്ന ചുവന്ന ചെമ്മീനിന് 100 രൂപയുണ്ടായിരുന്നത് 140 ആയി. 500 രൂപയുണ്ടായിരുന്ന അയ്ക്കൂറക്ക് 800 രൂപയാണ്.
പ്ലാസ്റ്റിക് മാലിന്യവും ഭീഷണി
കനത്ത ചൂടിനൊപ്പം പ്ലാസ്റ്റിക് മാലിന്യവും ഭീഷണിയാകുന്നുണ്ട്. വൻ തോതിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം ഇവയുടെ സഞ്ചാരത്തെയും പ്രജനനത്തെയും സാരമായി ബാധിക്കുന്നു.
ചാകര ഇതരസംസ്ഥാനക്കാർക്ക്
ഇതര സംസ്ഥാന മത്സ്യ വ്യാപാരികൾക്ക് ചാകരയാണ് നിലവിലെ ചൂടൻ സാഹചര്യം. മത്സ്യങ്ങളില്ലാത്ത സാഹചര്യത്തിൽ തീപൊള്ളും വിലയാണ് മത്സ്യങ്ങൾക്കുള്ളത്. മത്സ്യക്ഷാമം ശരിക്കും മുതലെടുക്കുകയാണ് ഇവർ. നിയന്ത്രണമില്ലാത്ത വിധത്തിൽ ഇവർ വില വർദ്ധിപ്പിക്കുന്നു.
വിലവിവരം
മത്തി 200 240
അയല 200 260
വലിയ മാന്തളിന് 370 രൂപ
ചെറിയ മാന്തൾ 160
കണ്ണൻ അയല 200 240 രൂപ
വങ്കട 160 രൂപ
ഇടത്തരം പൂവാലൻ ചെമ്മീൻ 260 രൂപ
വലിയ ചെമ്മീൻ 360 മുതൽ 400 രൂപ
പറ മുള്ളൻ 160
സാധാരണ മുള്ളൻ 120 മുതൽ 160വരെ
വള്ളി സ്രാവ് 260 രൂപ
ചെടയൻ സ്രാവ് 500
കുട്ടിസ്രാവിന് 400 രൂപ.
ഓലമീൻ 300
അയ്ക്കൂറ 800
ചൂട് ഇനിയും വർദ്ധിച്ചാൽ വില ഇനിയും ഉയർന്നേക്കും. ഇതിനിടയിൽ വേനൽ മഴ ശക്തമായി ലഭിച്ചാൽ മാത്രമേ അൽപ്പമെങ്കിലും വിലകുറയാൻ സാദ്ധ്യത ഉള്ളൂ
(ആന്റണി, മത്സ്യ വ്യാപാരി)