തൃശൂർ: മേയർ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ അസംതൃപ്തരെ ഉപയോഗിച്ച് ഭരണം അട്ടിമറിമറിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കൗൺസിലർമാർ. എന്നാൽ വെറും ആറു മാസത്തെ ഭരണത്തിന് വേണ്ടി ഇത്തരമൊരു കളി നടത്തേണ്ടതില്ലെന്ന് ഡി.സി.സി യോഗത്തിൽ തീരുമാനം. എതാനും ചിലരെ ചാക്കിട്ട് പിടിച്ചാൽ തന്നെ അത് എത്രത്തോളം വിജയിക്കുമെന്ന സംശയവും നേതൃത്വത്തിനുണ്ട്.

നിലവിൽ എതാനും ഭരണപക്ഷ കൗൺസിലർമാർ നിലവിലെ ഭരണ സമിതിക്കെതിരെ ശക്തമായി രംഗത്തുണ്ട്. എം.പി. ശ്രീനിവാസൻ കൗൺസിൽ യോഗത്തിൽ തന്നെ പങ്കെടുക്കാറില്ല. പല കൗൺസിലർമാരും പരസ്യമായി തന്നെ കൗൺസിൽ യോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതെല്ലാം അനുകൂലമാകുമെന്ന നിലപാട് ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാൽ ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്. അതിനാൽ ഔദ്യോഗികമായി ഒരാളെ മത്സരിപ്പിക്കാമെന്ന ധാരണയിലാണ് നേതൃത്വം.

ലാലി ജയിംസ്, വത്സല ബാബുരാജ്, ജയ മുത്തിപീടിക എന്നിവരിൽ ഒരാളായിരിക്കും മത്സരിക്കുകയെന്ന് അറിയുന്നു. നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ ആരും മത്സരിക്കേണ്ടെന്നാണ് തീരുമാനം. അതേസമയം സി.പി.എമ്മിൽ നിന്ന് മുൻ മേയർ അജിത ജയരാജൻ തന്നെയായിരിക്കുമെന്നാണ് സൂചന. ഗ്രീഷ്മ അജയഘോഷിന്റെ പേരും ഉയരുന്നുണ്ട്. ആറ് അംഗങ്ങളുള്ള ബി.ജെ.പിയും സ്ഥാനാർത്ഥിയെ നിർത്തിയേക്കുമെന്നാണ് അറിയുന്നത്.

മുന്നണി ധാരണ പ്രകാരം സി.പി.ഐയിലെ അജിത വിജയൻ രാജിവച്ചതിനെ തുടർന്നാണ് മേയർ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോൺഗ്രസിലെ പ്രതീക്ഷയും ആശങ്കയും

സി.പി.എം അതൃപ്തരെ ഉപയോഗിച്ച് അട്ടിമറിക്കണമെന്ന്

ആറുമാസത്തെ ഭരണത്തിനായി കളി വേണ്ടെന്ന് മറുവിഭാഗം

സി.പി.എം എതിർവികാരം വിജയിക്കുമോയെന്നും ആശങ്ക

ബി.ജെ.പി നിലപാട് എന്താകുമെന്നത് നിർണായകഘടകം

കക്ഷിനില

എൽ.ഡി.എഫ് - 27

യു.ഡി.എഫ്- 22

ബി.ജെ.പി- ആറ്